***

പുതിയ നര്‍മ പോസ്റ്റ്‌ .....വായിക്കില്ലേ ചിരിക്കില്ലേ ....കുലുമാല്‍ കുലുമാല്‍

വ്യാഴാഴ്‌ച, ഡിസംബർ 31, 2009

തിങ്കളാഴ്‌ച, ഡിസംബർ 21, 2009

അത്ഭുത സാരി

കെട്ടും കെട്ടി ഒരു ടൂര്‍ പോയതാണേ ...കേള്‍ക്കണ്ടെ  കഥ ,
അച്ഛന്‍ ലീവിന് വന്നപ്പോള്‍ ഒന്ന് മുട്ടി നോക്കിയതാ ...ഒരു ടൂര്‍ പ്രോഗ്രാം ..എന്റെ ദൈവമേ മഹാത്ഭുതം
അച്ഛന്‍ സമ്മതിച്ചു ...ഓടി വന്നു ഞാന്‍ ആകാശത്തേക്ക് നോക്കി ..ദാ ഒരു കാക്ക ചരിഞ്ഞു പറക്കുന്നു  .അയ്യോ അമ്മ മലര്‍ന്നു പറക്കുന്നുണ്ടോ
എന്ന് നോക്കാനല്ലേ പറഞ്ഞെ ...ആ എന്തേലും ആകട്ടെ .  ഏതായാലും ടൂര്‍ ലോട്ടറി അടിച്ചല്ലോ  അതും പിശുക്കന്‍ എന്ന് സകല പിരിവുകാരും
പിരാകുന്ന , എന്റെ ശിവേട്ടാ  ഒരു അരക്കിലോ പഞ്ചസാര  ഒന്നിച്ചു വാങ്ങി വച്ചൂടെ എന്ന്  കടക്കാരന്‍  കണ്ണേട്ടന്‍ ചോദിക്കുന്ന സാക്ഷാല്‍  അച്ഛന്റെ
വായില്‍ നിന്നും ടൂര്‍ പോകാമെന്ന്   കേട്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിനു  അതിരില്ല . അനിയനും,  രവി മാമന്‍ പണ്ടു മിലിട്ടറിയില്‍ നിന്നും കൊണ്ടു കൊടുത്ത
ബൈനോക്കുലരൊക്കെ  പൊടി തട്ടി എടുച്ചു വച്ചു....അങ്ങിനെ  ഒരു  ഡിസംബര്‍  ഒന്നാം തിയ്യതി ഞങ്ങള്‍ പുറപ്പെട്ടു ....

                      നാട്ടിലെ ഞങ്ങടെ    ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആയിരുന്നു ടൂര്‍ ..പണ്ടു പത്താം ക്ലാസ്സ് തൊട്ട് എന്നെ പഞ്ചാര അടിക്കുന്ന ഒരുത്തനും
(പേര് പറഞ്ഞു ഞാന്‍ അവനെ നാറ്റിക്കുന്നില്ല ) ഞങ്ങടെ കൂടെ ഉണ്ടായിരുന്നു ...എന്റെ വായിലെ വ്യഞ്ചനക്ഷരങ്ങള്‍ മുഴുവന്‍ അവന്‍ കേട്ടതും ആണ്
എന്നിട്ടും അവന്റെ  ആ കോന്തന്‍ കണ്ണ്  എന്നെ മൊത്തത്തില്‍ അളവെടുക്കുന്നത്  ഞാന്‍ അറിഞ്ഞു ..ബസ്സ് പുറപ്പെട്ടപ്പോള്‍  യുവ കലാകാര സംഘം
നൃത്ത ന്രിത്യങ്ങള്‍  ആരംഭിച്ചു ...അതില്‍ നമ്മുടെ കോന്തന്‍ കണ്ണനും ഉണ്ടായിരുന്നു .  രണ്ടക്ക രണ്ടക്ക ...രണ്ടക്ക മൂന്നക്ക നാലക്ക എന്നിങ്ങനെ എണ്ണി തുടങ്ങുന്ന
ഒരു പാട്ടുണ്ടല്ലോ അതിനൊത്ത്  ചുവടു വച്ചു .. കോന്തന്‍ കണ്ണന്‍ ..മെല്ലെ മെല്ലെ സൈഡില്‍ ഇരിക്കുന്ന എന്റെ തോളത്തു  എണ്ണാന്‍ തുടങ്ങി ..നാട്ടു കാരിരിക്കുമ്പോള്‍ അവന്റെ
അവനെ  മാനം കളയേണ്ട എന്നെനിക്കു തോന്നി ..ഞാന്‍ ഒരു പെണ്ണല്ലേ ...എന്ത് ചെയ്താലും  " ഓ  ആ പെണ്ണിന്റെ ഒരു നെഗളിപ്പ് നോക്കണേ" എന്നേ 
ബസ്സിലുള്ള മറ്റു പെണ്‍ വര്‍ഗ്ഗങ്ങളും  പറയൂ അത് കൊണ്ട് ഞാന്‍ അച്ഛനെ മെല്ലെ സൈഡില്‍ ഇരുത്തി ഞാന്‍ ജനലരികില്‍ ഇരുന്നു ...എന്റെ സ്വഭാവം  വച്ച്
അവന്റെ വില്ലേജാപ്പീസ്  രാജിസ്ട്രാപ്പീസ് ആകേണ്ടതായിരുന്നു .  അവന്റെ ഭാഗ്യം .

                       പറഞ്ഞു പറഞ്ഞു കാടു കേറുന്നതെന്തിനു അല്ലെ .?..കന്യാ കുമാരി എത്തി . (ബസ്സിനു നല്ല സ്പീടുണ്ടായിരുന്നു )
ബസ്സിന്റെ പിന്നിലിരുന്ന പലരും  ശര്‍ദ്ദിക്കാന്‍ തുടങ്ങി ..കൂട്ടത്തിലുണ്ടായിരുന്ന വയസ്സായ  ഒരമ്മൂമ്മ പറഞ്ഞു ആ ഹോട്ടലിലെ  ഭക്ഷണത്തിന്റെ ആയിരിക്കും
എന്ത് ഭക്ഷണത്തിന്റെ പ്രോബ്ലോം  . അപ്പോഴാണ് ഓര്‍ത്തത്‌   ഏതോ ഒരു വളവു തിരിയുമ്പോള്‍  റോഡില്‍ കുപ്പികള്‍ വീണു പൊട്ടുന്ന ശബ്ദ്ദം  കേട്ടിരുന്നു
എന്തായാലും കഴിച്ച ഭക്ഷണം കൊള്ളില്ല ..എന്ന് മനസിലായി .താങ്ങാന്‍ പറ്റുന്നവനെ  ആള്‍ക്കാര്‍ താങ്ങി താങ്ങാന്‍ പറ്റാതവരെ  ബസ്സിന്റെ ബാക്  സീറ്റില്‍  കിടത്തി
ഡ്രൈവര്‍ കാവല്‍ നിന്നു...അങ്ങിനെ എല്ലാവരും  കാഴ്ചകളിലേക്ക് .......................

                        ബസ്സിറങ്ങിയപ്പോള്‍ തന്നെ സുഗന്ധ പൂരിതമായ  ഒരു കാറ്റ് എന്നേ ആലിംഗനം ചെയ്തു ...കോന്തന്‍ കണ്ണനെ  പോലെ തന്നെ കൊതിയനാണ്  കാറ്റും
പക്ഷെ ഒരു വ്യത്യാസം മാത്രം  അവനെ എനിക്കിഷ്ടമല്ല   ഈ കാറ്റിനെ എനിക്കൊത്തിരി ഇഷ്ടവും ....വളയും കമ്മലും ഒരു കോലിന്മേല്‍  കുത്തിനിറച്ചു കുറേ കുട്ടികള്‍ .ഞങ്ങളെ
പൊതിഞ്ഞു ...അച്ഛന്‍ അവരെയെല്ലാം ആട്ടിയോടിക്കുന്ന തിരക്കിലാണ് പാവങ്ങള്‍ ..ഒരു നേരത്തെ അന്നത്തിനു വീണ്ടിയായിരിക്കില്ലേ ..  ഈ അച്ഛന്‍ .  അച്ഛന്റെ പോക്കറ്റില്‍
കയ്യിട്ടു ഒരു  അമ്പതു രൂപ നോട്ട് എടുത്തു   ഞാന്‍ കുറെ മാലകള്‍ വാങ്ങി ..പോരുമ്പോള്‍ അയല്‍വക്കത്തെ  എന്റെ കൊച്ചു കൂട്ടുകാര്‍ പറഞ്ഞിരുന്നു ..നന്ദേച്ചീ  മാല
കൊണ്ടരണേ എന്ന് ....." നിനക്ക്  ഭ്രാന്തുണ്ടോ  ഇതൊക്കെ വാങ്ങി വെറുതെ കാശ് കളയാന്‍   ഇവറ്റകളൊക്കെ വെറും തട്ടിപ്പാ ..കയ്യിലെ സ്വര്‍ണമോക്കെ സൂക്ഷിച്ചോ .."
ഈ അച്ഛന്റെ ഒരു കാര്യം  " എന്റെ പോന്നച്ചാ  ഒടുക്കത്തെ  പിശുക്ക് ഇവിടെയും കാട്ടല്ലേ ...എന്റെ കല്യാണത്തിന് അച്ഛന്‍ ഒരു പവന്‍ കുറച്ചു തന്നാല്‍ മതി പോരെ ..പോക്കറ്റില്‍  കയ്യിട്ടു അമ്പതും
കൂടി എടുത്തു ."  ഇഷ്ടം പോലെ മാലയും കമ്മലും ഹെയര്‍ പിന്നും ഒക്കെ വാങ്ങി ...അച്ഛന് നോക്കി നില്ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ .  എന്ത് ചെയ്യാം  മകളായിപ്പോയില്ലേ
മരുഭൂമിയില്‍ കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശു മുഴുവനും തിന്നു തീര്‍ക്കേണ്ട  സന്തതികള്‍  ആ എന്തേലുമാവട്ടെ എന്ന് അച്ഛനും കരുതിക്കാണും .

                  ഗാന്ധി മന്ദിരത്തിലെ   മാര്‍ബിള്‍ പടവുകളില്‍ വിശ്രമിക്കുമ്പോള്‍ ആണ് കുറെ  സാരികള്‍ അമ്മയെ മാടി വിളിച്ചത് ...നേരത്തെ വന്ന കാറ്റ് പോലെ
അമ്മ ശൂം .........................എന്ന്   അതിനടുത്തെത്തി ...അച്ചന്റെ മുഖത്ത് ...ഭാവാഭിനയ ചക്ക വരട്ടി ..ഛെ..ചക്ര വര്‍ത്തി ..മധു വിന്റെ ..ഭാവങ്ങള്‍ മിന്നി മറഞ്ഞു ..
ഞാന്‍ മെല്ലെ അച്ഛന്റെ കാതില്‍ പറഞ്ഞു ..." ചെന്ന് വാങ്ങി കൊടുക്കാച്ചാ...ഒരേ ഒരു ഭാര്യ അല്ലെ ...."  അച്ഛന്‍ എന്നേ ക്രൂരമായി ഒന്ന് നോക്കി  എന്തെ ഞാന്‍ അങ്ങിനെ പറഞ്ഞത്
തെറ്റായി പ്പോയോ അച്ഛാ ...അച്ഛന് ഇനി ഗള്‍ഫില്‍ വേറെ  ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടോ ..?....അയ്യയ്യേ  ഞാന്‍ എന്തൊക്കെയാ ഈ പറയുന്നേ ....പോട്ടെ ..മനസ്സില്ലാ
മനസ്സോടെ അച്ഛന്‍ ...സാരിക്ക് വില ചോദിച്ചു .....മുന്നൂറു രൂപ ....കേട്ടപ്പോള്‍  അച്ഛനെ ..താങ്ങാന്‍  (നേരത്തെ ശര്‍ദ്ദിക്കാരെ താങ്ങിയവരായിരുന്നെങ്കില്‍ ഉചിതം)ആരെങ്കിലും
വേണ്ടി വരും എന്ന് തോന്നി ....അച്ഛന്‍ അമ്മയുടെ കൈ പിടിച്ചു പിന്നോട്ട് വലിച്ചു ..അമ്മ  ഫെവി ക്യുക്കിന്റെ  പരസ്യം പോലെ അവിടുന്ന് വിടുന്ന ഭാവമില്ല ..ഒടുക്കം ...വേറൊരു 
കടയില്‍  കേറാമെന്ന് അമ്മയ്ക്കു മോഹന വാഗ്ദാനം നല്‍കി.  സീറ്റ് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ മുരളീധരന്‍  പോയ പോലെ അമ്മ അച്ഛന്റെ കൂടെ പോയി .

                 ഒടുക്കം ആ മണല്‍ തീരത്തെ കാഴ്ചകളില്‍ നിന്നും മടങ്ങാന്‍ നേരമായി ....മറ്റൊരു കട എന്ന   പ്രകടന പത്രിക ..അമ്മ മറന്നോ എന്തോ അറിയില്ല ...
അമ്മ ബസ്സില്‍ നേരത്തെ തന്നെ സ്ഥാനം  പിടിച്ചു . അപ്പോഴാണ് ഒരു പയ്യന്‍  തലയില്‍ ഒരു കെട്ട് സാരിയുമായി ബസ്സിന്റെ  താഴെ നില്‍ക്കുന്നത് അമ്മയുടെ കണ്ണില്‍ പെട്ടത്
അമ്മ മെല്ലെ പിന്നിലിരിക്കുന്ന അച്ഛനെ നോക്കി ..ഒന്ന് വാങ്ങി കൊടുക്കച്ഛാ....ഞാനും   സപ്പോര്‍ട്ട് ചെയ്തു . ഒടുക്കം അച്ഛന്‍ വില ചോദിച്ചു ..ഒരു സാരിക്ക്  ഇരുന്നൂറു  രൂപ
കൊള്ളാം  നൂറു രൂപ ലാഭം ...എവിടെ   അച്ഛന്‍ വിടുന്നുണ്ടോ ... ഒടുക്കം നൂറു രൂപ നഷ്ടത്തില്‍ അച്ഛന്‍ ..മൂന്ന് സാരി വാങ്ങി എങ്ങിനെയാണെന്നല്ലേ ...മുന്നൂറു രൂപയ്ക്ക്
മൂന്നു സാരി ..ഇത് കൊള്ളാം ബസ്സില്‍ ഇരുന്നവരെല്ലാം  മുന്നൂറു രൂപ മുടക്കി ....ഒരു സാരിയുടെ വിലയ്ക്ക് ഇതിപ്പോ മൂന്ന് സാരി ..അമ്മയുടെ  ബുദ്ധിയില്ല്ലായ്മ്മയെ
അച്ഛന്‍ പരിഹസിച്ചു .. പെണ്ണല്ലേ വര്‍ഗ്ഗം ....ഏയ്   അവിടെ മാത്രം തൊട്ട് കളിക്കേണ്ട ..പെണ്ണിനെന്താ ഒരു കുഴപ്പം ഞാന്‍ പെണ്ണല്ലേ ...അക്കാര്യത്തില്‍ ഞാന്‍അമ്മയ്ക്കൊപ്പം
നിന്നു ....
                സന്തോഷ പ്രദമായ ഒരു മടക്കയാത്ര ..പലേടത്ത് നിന്നും  നമ്മുടെ പഴയ കോന്തന്‍ കണ്ണന്‍ എന്നേ ചാക്കിലാക്കാന്‍ നോക്കിയിരുന്നു ...പക്ഷെ ...അവന്‍ നാറും
എന്നവനു നല്ലോണം അറിയാമായിരുന്നു അത് കൊണ്ടു അധികം കളിയ്ക്കാന്‍ വന്നില്ല ....തിരിച്ചു  നാട്ടിലെത്തി  ബസ്സിറങ്ങുമ്പോള്‍ ..അവന്‍ എനിക്കൊരു ....പേരെഴുതിയ
ശംഖ്  തന്നു ...പിന്നെ ആലോചിച്ചപ്പോള്‍  ഒരു പാവം തോന്നി ..ആ ശംഖ്  ഞാന്‍ വാങ്ങിച്ചു ..പോകുമ്പോള്‍ .. അവന്റെ ചെവിയില്‍ ഞാന്‍ സ്വകാര്യം ..പറഞ്ഞു
ഒരു നല്ല സുഹൃത്ത് എന്ന നിലയിലാണ് ഞാന്‍ ഇത് വാങ്ങുന്നത് അല്ലാതെ ഇത് വാങ്ങി എന്ന്  വച്ച്  പ്രണയം എന്നും പറഞ്ഞു എന്റെ പുറകെ എങ്ങാന്‍ വന്നാല്‍ ..
ഈ ശംഖില്‍ എഴുതിയ പേര് പോലെ നിന്റെ മോന്ത പരന്നിരിക്കും ..ഉമ്മറിനെ പ്പോലെ  ഒരു  ഡയലോഗും കാച്ചി. "ഓര്‍മ്മയിരിക്കട്ടെ " അവന്റെ സകല  പ്രതീക്ഷകളും
തകര്‍ത്താണ് ഞാന്‍ വീട്ടിലേക്ക്‌ പോയത് .
                  സാരി നല്ല ചന്തം..!!  അച്ഛന്‍ ഇടയ്ക്കിടയ്ക്ക് അമ്മയെ ശകാരിക്കുന്നുണ്ടായിരുന്നു .."ഇവള് പറഞ്ഞതു  കേട്ടു ആദ്യം കണ്ട സാരി എങ്ങാന്‍ എടുത്തിരുന്നെങ്കില്‍ എന്തായേനെ "
ഇപ്പോഴോ .?. അതാ പറഞ്ഞത്‌ ..ഇതൊക്കെ എടുക്കുമ്പോള്‍ നൂറു വട്ടം ആലോചിക്കണം എന്ന് .  സാരിയുടെ ചന്തം നോക്കി കൊണ്ടിരുന്ന അമ്മയുടെ മുഖം ചുളിഞ്ഞു ..
"അമ്മെ ഈ വയലറ്റ്  സാരി എനിക്ക് വേണം ..ന്യൂ  ഇയറിനു  കോളേജില്‍ പോകുമ്പോള്‍ ഇടാനാ ..."പിന്നെ  അങ്ങിനെ ഇപ്പം  മിനുങ്ങേണ്ട ...ഇത് നിന്റെ  ഇളയംമ്മയ്ക്ക്  കൊടുക്കണം
അവള്‍ പോകുമ്പോഴേ എന്നോട് പറഞ്ഞിരുന്നു .." അമ്മ ഉടക്കി .  അച്ഛന്‍ വീണ്ടും ഉടക്കി " പിന്നെ നാട്ടില്‍ കണ്ട ആള്കൊക്കെ   സര്‍വാണി  നടത്താനല്ല ഞാന്‍ കാശു കൊടുത്തു ഓരോന്ന്
വാങ്ങുന്നെ ...നീ   ഉടുക്കുന്നുണ്ടെങ്കില്‍  ഉടുത്തോ ഇല്ലേല്‍ അവിടെ വച്ചേ..."..അമ്മ സാരിയെല്ലാം വരി കട്ടിലില്‍ എറിഞ്ഞു ..പിണങ്ങി. അഴിഞ്ഞു കിടന്ന സാരിയില്‍ അപ്പോഴാണ്
ഞാന്‍ കണ്ടത് ...അമ്മെ ഇതെന്തു സാരി ...സാരിയില്‍  നമ്മുടെ ബെഡ് ഷീറ്റിന്റെ അതേ ഡിസൈന്‍ ...അമ്മയും ഓടിച്ചെന്നു  നോക്കി ...
                   മൂന്നു സാരിയും നിവര്‍ത്തി നോക്കി ..എല്ലാത്തിനും   നടുക്ക്  ബെഡ് ഷീറ്റിന്റെ അതെ  ഡിസൈന്‍ ..കൊള്ളാം അത്ഭുത സാരി ...
മുകളിലേക്കുയര്‍ത്തി  നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത് ..സാരിയുടെ നടുവില്‍ ഒന്നും ഇല്ല ..ഇനി ഒരു പക്ഷെ ഫാഷന്‍ പരേഡില്‍ ഉടുത്തു കളഞ്ഞ സാരിവല്ലതും  ആചെറുക്കന്‍
പൊക്കി കൊണ്ട് വന്നതാണോ ..  എന്തായാലും അത്ഭുത സാരി കൊള്ളാം  അതും ഉടുത്തു നില്‍ക്കുന്ന അമ്മയെ ഞാന്‍ മനസ്സില്‍ കണ്ടു ..  എന്റമ്മോ ..ഞാന്‍ ചിരിച്ചു ചിരിച്ചു
കട്ടിലില്‍ കിടന്നു പോയി ..സാരിയെല്ലാം  കൂടി എടുത്തു അമ്മ അച്ചന്റെ മടിയിലെക്കിട്ടു  കൊടുത്തു ...സാരി കണ്ട അച്ഛന്‍ ...മൂരിയെ കണ്ട പോലെ പകച്ചു ...ഒരക്ഷരം മിണ്ടാന്‍  കഴിയാതെ
ഇരുന്ന ഇരുപ്പില്‍ ഇരുന്നു  അച്ഛന്‍ മെല്ലെ ചിരിച്ചു (ഉള്ളില്‍ കരഞ്ഞു മുന്നൂറു  പോയെ ..)  പിന്നീടു അങ്ങോട്ട്‌ അമ്മയുടെ അവസരമായിരുന്നു  അത് അമ്മ ഭംഗിയായി  നിര്‍വഹിച്ചു
ഏതായാലും   അച്ഛന്റെ പിശുക്കിനൊരു പണികിട്ടി .  
                         അത്ഭുത സാരി വാങ്ങിയ വീട്ടില്‍ എല്ലാം  അന്ന് രാത്രി ചിരിയുടെയും കരച്ചിലിന്റെയും  ബഹളം നടന്നതായി .പിറ്റേന്ന് വീട് നിരങ്ങാറുള്ള ..ആകാശവാണി  തള്ളമാരിലൂടെ  അറിയാന്‍ കഴിഞ്ഞു .

എന്തായാലും  അന്നുരാത്രി  ആ സാരിവിറ്റ പയ്യന്‍ നന്നായി ഉറങ്ങിക്കാണും അല്ലേ ...?  അവന്‍ നന്നായി വരട്ടെ.










ചൊവ്വാഴ്ച, ഡിസംബർ 08, 2009

പീച്ചാം കുഴലിലെ ശ്രുതി മാധുര്യം


ധും ധും ധും ധും ധുംദുബി നാദം നാദം നാദം .....ഈ പാട്ട്   ഞങ്ങടെ  കോളേജിലെ   ഇന്ദു മതി ടീച്ചറെ കണ്ടു കൊണ്ട്ട് എഴുതിയതാണെന്ന് തോന്നും
ടീച്ചറുടെ ആ  നടത്തവും  വടിവും ഒന്ന് കാണേണ്ടത് തന്നെ ആണ് ....അത് കാണുമ്പോള്‍ മറ്റൊരു പാട്ട് കൂടി ഓര്‍മ്മവരുന്നു .
പിടിയാന  പിടിയാന മദയാന മദയാന ....കോളേജിലെ ആണ്‍ പിള്ളേര്‍ക്കൊക്കെ  ടീച്ചര്‍  പെരുമഴയത്ത് ..ചക്ക പുഴുങ്ങിയത് കിട്ടിയ പോലെ യാണ്
കോളേജിലെ ജെന്റ്സിന്റെ ടോയ്ലെറ്റില്‍ മുഴുവന്‍ ടീച്ചറുടെ പല നിറത്തിലും വര്‍ണ്ണത്തിലും ഉള്ള രൂപങ്ങൾ കുത്തിവരച്ചതു   കാണാം .(ഇപ്പോള്‍ നിങ്ങള്ക്ക് തോന്നുന്നുണ്ടാകും
ഞാന്‍ എന്തിനു അവിടെ പോയെന്നു അതാണ് പറഞ്ഞു വരുന്നത്     അല്പം ക്ഷമിക്കണം കേട്ടോ ..)


                                           സാറേ സാറേ രഘു സാറേ സാറിന്റെ വീട്ടില് കല്ല്യാണം
                                           ഷെല്ലി വറുത്ത് ഉപ്പേരി ..ഷേക്സ്പിയര്‍ ഉള്ളൊരു സാമ്പാറും
                                           
ലിറ്ററേച്ചർ  രഘു സാറിനെ കുറിച്ച്    ശ്രുതിയുടെ ഓണ്‍ ദി  സ്പോര്‍ട്ട്  കവിതകള്‍   കളാസിന്റെ ചില്ലു ജനാലകളിൽ  തട്ടി പ്രതിധ്വനിച്ചു ...അവളെപ്പോലെ ഒരു സാധനത്തിനെ  ഞാന്‍ എന്റെ ജന്മത്തില്‍
കണ്ടിട്ടില്ല...... തല ഒന്നെ ഉള്ളൂ എങ്കിലും രാവണന്റെ നാവുകൾ പോലെ നാവു പത്താണ്.
പിന്നെ ശബ്ദമോ...പീച്ചാം കുഴലിൽ പച്ചവെള്ളമൊഴിച്ചു വിളിച്ചാൽ എങ്ങിനെ അതുപോലെ..
വഴിയെ പോണ ഒരാമ്പിള്ളേരും അവളുടെ ..കിളിമൊഴി കേൾക്കതെ പോകാറീല്ല...പിന്നെ ഞാനും അവളും  ഒരു മിച്ചു ബസ്സു കേറാൻ നിന്നാൽ എത്ര കുട്ടികൾ ഉണ്ടെങ്കിലും ..ഡ്രൈവർ നിർത്താതെ പോകും..അത്രയ്ക്കു ഫൈമസ് ആണ്...ബസ്സുകാർക്കിടയിൽ ഞങ്ങളുടെ സമ്പർക്കം.
                                     ഒരു ശനിയാഴ്ച്ച...അന്ന് സ്പെഷ്യൽ  ക്ളാസ്സുണ്ടായിരുന്നു. രാവിലെ തന്നെ
ഞാനും ശ്രുതിയും കുളിച്ചു കുപ്പായവും ഇട്ട്..(കുപ്പായമിടാതെ പോകാൻ പറ്റുകയില്ല ല്ലോ ഞാൻ ഒരു പൊട്ടി തന്നെ) കോളേജിലേക്കുള്ള വഴിയിലൂടെ ..സാഹിത്യ നിരൂപണം നടത്തിക്കൊണ്ട് നടന്നു പോവുകയാരിരുന്നു...പാരിജാതം ..ഇനി ഒരാഴ്ചകൂടി ഉണ്ടാകുമെന്ന് ഞാൻ ...എനിക്കു വട്ടാണെന്ന് അവൾ... രണ്ടു മാസം കൂടി ഉണ്ടാകും എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞൂ...അങ്ങീനെ ഉറപ്പിച്ചു പറയാൻ ബൈജു ദേവരാജ് ഇവളുടെ ..ചിറ്റപ്പനല്ലേ...ഒന്നു പോടീ..(അല്ല ഒരാഴ്ചയേ..ഉള്ളൂ എന്നു പറയാൻ ബൈജു ദേവരാജ് എന്റെ ചിറ്റപ്പനും അല്ലല്ലോ...ഭാഗ്യത്തിനു അതവൾ ചോദിച്ചില്ല)
                                     വഴി വക്കിൽ നാണം കുണുങ്ങീ പെൺകൊടികളെ പഞ്ചാര അടിച്ച് ..തകർക്കുകയാണ് അഭിനവ യദുകുല വംശജന്മാർ....(കൃഷ്ണന്റെ പുതു തലമ്മുറക്കാർ)...ഒരു സ്ഥലത്ത് ..എൻ എസ്സ് എസ്സു കാർ (നാഷണൽ സർവ്വീസ്  സ്കീം ആണ്  നാരായണ പണിക്കരുടേ ആൾക്കാർ തെറ്റിദ്ധരിക്കേണ്ട കെട്ടോ.) നട്ട നെല്ലി മരത്തിന്റെ ഇല മുഴുവൻ ഒരുത്തൻ പറിച്ചു തീർക്കുകയാണ് .  അവന്റെ ..കാമുകിയാകട്ടെ ഷാലിൻ തുമ്പത്ത് കെട്ടിട്ടു കളിക്കുകയാണെന്നു തോന്നും ..ഇനി ഒരു പക്ഷെ അവളുടെ അച്ഛനു വലനെയ്ത്താണോ ജോലി എന്നു പോലും തോന്നിപ്പോകും  ..മറ്റൊരിടത്ത്...  ഒരുത്തൻ അതാ ...അണ്ണൻ വണ്ടിയിൽ പുല്ലും കയ കേറ്റിയ പോലെ ..(പാണ്ടീ  ലോറിയിൽ വയ്ക്കോൽ തുറു കേറ്റിയ പോലെ )അഴിഞ്ഞൂ കിടക്കുന്ന ...കുനു കൂന്തളങ്ങൾ...മാടി ഒതുക്കുന്ന തിരക്കിലാണ്. ദൈവമേ...ഇവനീ പിണ്ണാക്കിന്റെ കാശ് ആരു കൊടുക്കുന്നു ആവോ...(ആ‍ മുടി അങ്ങീനെ ആവണമെങ്കിൽ ഒരു കിലോ പിണ്ണാക്കെങ്കിലും കലക്കി ഒഴിച്ച് പശൂനെ കൊണ്ടോ  എരുമയെ കൊണ്ടോ ഒക്കെ നക്കിക്കണം...)...അവനിട്ടിരിക്കുന്ന പേന്റു കാണണം..എന്നെ പിടിച്ചോ എന്നെ പിടിച്ചോ എന്നു പറയുന്ന മാതിരി ഇപ്പൊ ഊരി കുത്തി താഴേക്കു പോകും എന്നു തോന്നും ...ഞാനതങ്ങ് പിടിച്ചു വലിക്കട്ടയോടീ...ശ്രുതി ..പീച്ചാം കുഴലിലൂടെ പറഞ്ഞൂ....  വേണ്ടെ ടീ  അവൻ  അടിയിൽ ഒന്നും ഇട്ടിട്ടിലെങ്കിലോ..താങ്ങാനുള്ള ശേഷിയുണ്ടോ...
ഏയ്  അല്ലെടീ...അവന്റെ അണ്ടർ വെയറിന്റെ ഇലാസ്റ്റിക്കു കാണുന്നുണ്ട്.....എടീ  മണ്ടീ..അതിപ്പോഴെത്തെ ഫാഷനാ...ചിലപ്പോ...ഇലാസ്റ്റിക്കു മാത്രമേ ഉണ്ടാവൂ......
എന്റെ ദൈ വമേ..എന്നാൽ വേണ്ട...ശ്രുതി ആ ഉദ്യമത്തിൽ നിന്നും പിന്മാറി...എന്തായാലും നമുക്കവനെ ഒന്നു വിരട്ടണം....ഫസ്റ്റിയറാണ് ..ഇവനൊക്കെ കോളേജിൽ വന്നില്ല അതിനും മുമ്പേ..പ്രേമവും തുടങ്ങി..മൂന്നു വർഷമായി ഈ കോളെജിലെ ബഞ്ചും ഡസ്കും തേഞ്ഞു എന്നല്ലാതെ
ഒരൊറ്റ...കാലമാടനും പ്രണയവും കൊണ്ട് ഈ സുന്ദരി മാരുടെ  പടി കടന്നിട്ടില്ല  ...ഇവളൊക്കെ വന്നു കേറിയതേ ഉള്ളൂ....കണ്ടില്ലെ...(അസൂയാണ്  മുഴുത്ത അസൂയ)...വിടില്ല ഞങ്ങൾ....
                                 ശ്രുതി അവനെ ഇട്ടൊന്നു കുടഞ്ഞൂ....ടാ...ഞങ്ങളീ കോളെജിൽ വരുന്നതെ .. നിന്റെ  ഊര കാണാനല്ല ..മര്യാദയ്ക്  നീ ഈ പാന്റു വലിച്ചു കേറ്റുന്നോ..അതോ  ഞങ്ങൾ വലിച്ചൂരണോ....അപ്പൊഴാണ്  അവന്  അവന്റെ പാന്റിനെ കുറിച്ച്  ബോധം വന്നത്.
അവൻ രണ്ടു കൈ കൊണ്ടും വലിച്ചു കേറ്റി ...ജാള്ള്യതയോടെ ..ഞങ്ങളെ നോക്കി...ആ നോട്ടത്തിൽ ഒരു ദയനീയത ഉണ്ടായിരുന്നു ..പിന്നീട് അതൊരു പകയുടെ നേട്ടം പ്ലെ ആയോ എന്ന ചിന്ത ഞങ്ങളേ ഭയപ്പെടുത്തി  (എന്തായാലും പെണ്ണല്ലേ..ചട്ടിയോളമല്ലേ തുള്ളാൻ പറ്റുള്ളൂ)
എങ്ങിനെ   പകയില്ലാതിരിക്കും ..തന്റെ പ്രേമ ഭാജനത്തിന്റെ മുമ്പിൽ നിന്നു ഇൻസൽറ്റ് ചെയ്താൽ ആരാ ക്ഷമിക്കുക  അതിത്തിരി കടുത്തു പോയെന്ന് എനിക്കും തോന്നി   അത്രയ്ക്കു വേണ്ടായിരുന്നു ശ്രുതീ....അവളുണ്ടോ വിടുന്നു.. ഒരു വല്ലാത്ത സാധനം തന്നെ ...അവൻ പോയ ശേഷം ആ പെൺ കുട്ടിയെയും നിർത്തി പൊരിച്ചു....ടീ...നീ ഇനി അവനെ പ്രണയിച്ചു കല്ല്യാണം കഴിച്ചു എന്നിരിക്കട്ടെ..നിങ്ങൾ രണ്ടൂ പേരും  പച്ചക്കറി  വാങ്ങാൻ പോയി ...നിന്റെ കയ്യിൽ കൊച്ചുണ്ട്  അവന്റെ കയ്യിൽ പച്ചക്കറിയും ...എടീ..അപ്പൊഴെങ്ങാൻ നിന്റെ  ലവന്റെ പാന്റെങ്ങാൻ അഴിഞ്ഞാൽ ആരു പൊക്കിക്കൊടൂക്കും ...ഇനി മേലാൽ  ആ പാന്റും ഇട്ടാണവൻ വന്നതെന്നറിഞ്ഞാൽ ..,,,,,പറശ്ശീനിക്കടവു  മുത്തപ്പനാണേ സത്യം..ഞാനതൂരും ....
                       എന്റെ ദൈവമേ...ഇവളിതെന്തിനുള്ള പുറപ്പാടാ....ടീ,,,നാളേ  അവനെങ്ങാൻ  ആ പന്റും ഇട്ടൂ വന്നാൽ.........?!!!!!!!!!!!


                            അവന്റെയോ ...ഞങ്ങളുടെ യൊ ...ഭാഗ്യം എന്നറിയില്ല...അടൂത്ത  കളാസ്സിനു
അവൻ  മുണ്ടും ഉടുത്താണു വന്നത്....ആശ്വാസം.....പക്ഷേ അവന്റെ നോട്ടത്തിലെ ആ പക എന്നെ വല്ലാതെ ഭയപ്പെടുത്തി...പിന്നീട് ഒരു കോളേജ് ഡേ ദിവസം....പീച്ചാം കുഴലിലൂടെ ..മുരുകൻ കട്ടാക്കടയുടെ ..രേണുക......പാടാൻ  ശ്രുതിക്കായിരുന്നു നെറുക്ക്  വീണത്....രേണുകേ...നീ എൻ കിനാവിന്റെ ..നീലക്കടമ്പിൻ പരാഗ രേണു.. പിരിയുമ്പൊഴേതോ ...നനഞ്ഞ കുമ്പിൾ നിന്നു നിലതെറ്റി വീണ രണ്ടിലകൾ നമ്മൾ......രണ്ടിലകളെ...തമ്മിൽ പിരിച്ചതും പോരാ..എന്നിട്ടീ കവിതയും പാടി..ടെൻഷനടിപ്പിക്കുന്നോ....ഞങ്ങടേ  റിഹേഴ്സൽ കണ്ടു കൊണ്ട്...ആ പകയുള്ള നോട്ടത്തോടെ   അവൻ ജനലരികിൽ നിൽക്കുന്നതു ..ഞങ്ങൾ ..കണ്ടു.....ഫൈനൽ എം എ യിലെ
സരീഷിന്റെ ...മിമിക്രി കേട്ടതോടെ അവൻ പോയി....ആ  എന്തേലും ആകട്ടെ....ഞാൻ ശ്രുതിയുടേ....ശ്രുതിയും താളവും ...ഒക്കെ നേരെയാക്കിക്കൊടൂത്തു കൊണ്ടേ  ഇരുന്നു....അവൾ ..വികാര പരവശയായി   പാടി..രേണുകേ.....സദസ്സിൽ നിന്നും കൂവൽ ഉയർന്നു....ശ്രുതിയുടെ പാട്ടിനല്ല കെട്ടോ....സരീഷിന്റെ മിമിക്രിക്കാണ്....ആ കൂവൽ കേട്ടതോടെ ..അവൾക്ക് കലശലായ മൂത്ര  ശങ്ക ,,,,എന്റെ കൈ പിടിച്ചവൾ  ഓടി....നല്ലതാണേന്ന് എനിക്കും തോന്നി.  കൂവൽ  ഇവൾ പാടുമ്പോൾ  ഇരട്ടിയാകും എന്നെനിക്കുറപ്പുണ്ടായിരുന്നു ..പീച്ചം കുഴലിന്റെ ശബ്ദം
സഹിക്കുന്ന കുട്ടികൾ  ഉണ്ടെന്നു തോന്നുന്നില്ല പിന്നെ മറ്റവൻ ..എന്തായാലും ഫസ്റ്റിയറിലെ കുട്ടികളേ കൊണ്ട്  കൂവിപ്പിക്കും എന്നുറപ്പാണ് ..ഏതായാലും ഒരു ധൈര്യത്തിനു ...മൂത്രമൊഴിക്കുന്നത് നല്ലതാണ്  ..  ഇവളിതെവിടേക്കാ...ടീ  അതു   ജെന്റ്സിന്റെ  ടോയ്ലെറ്റാ.....നീ   ഇതെങ്ങോട്ടാ..
സാരമില്ല ...നീ   പുറത്തു നിന്നാൽ മതി..ആരെങ്കിലും വന്നാൽ ...പറഞ്ഞാൽ മതി...ഉം  ശരി...ശരി..
വേഗം പോയി.. വാ...അവളൂടേ  ടെൻഷന്റെ .  ആഴം  എനിക്കു മനസ്സിലായി....ടൊയ്ലെറ്റിന്റെ ചുമരുകളിൽ ഇന്ദുമതി  ടീച്ചറ്  ..കാബറെ കളിക്കുകയായിരുന്നു


                          !!!!!!!!!!അവനെ കണ്ടപ്പോൾ എന്റെ രണ്ടൂ കണ്ണും ഹൈ വോൾട്ടേജിൽ മിഴിച്ചു പോയി..
ഇപ്പൊ ഫ്യൂസാകുമോ എന്നു പോലും തോന്നിപ്പോയി....നമ്മുടേ ...പഴയ ലവനില്ലെ.....പാന്റു കാരൻ ഫസ്റ്റിയർ...അവനതാ ആ ടോയ്ലെറ്റിൽ നിന്നും ഇറങ്ങീ വരുന്നു....ദൈവമ്മേ....ശ്രുതി  ..അവൾക്കിതെനാ പറ്റി.....എനിക്കു വയ്യ  അവനെങ്ങാനും....ഈശ്വരാ...പകതീർക്കല്ലേ...
അവൻ എന്നെ കണ്ടതും ...ഒരുമാതിരി ചിരിയും ചിരിച്ചു  ..കടന്നു പോയി.....അതിലൊരു വില്ലൻ ചിരിയുണ്ടെന്നു എനിക്കു തോന്നി...എടാ... ശ്രുതീ....ഞാൻ ഓടി ചെന്നു ടൊയ്ലെറ്റിൽ നോക്കി.....ലവളവിടെ....ചമ്മി നിൽക്കുകയാ....ചെ...നാറ്റക്കേസായി.....ലവൻ വല്ലതും കണ്ടോടേ...?....അവളോന്നും  മിണ്ടീയില്ല
       
                         സ്റ്റേജിൽ മുരുകൻ കട്ടാക്കടയുടെ കവിത  തകർക്കുകയാണ്  ശ്രുതിയുടെ പീച്ചാം കുഴലിൽ ഉള്ള ശബ്ദമൊന്നും കേൾക്കാനുണ്ടായിരുന്നില്ല ..നല്ല മനോഹരമായ ശബ്ദം....ഇനി അവൻ നേരത്തെ റിഹേഴ്സൽ കേട്ടതു കൊണ്ട് ....ടൊയ്ലെറ്റിൽ വച്ച് വല്ല   കളാസും കൊടുത്തു  കാണുമോ.  ഒരാഴ്ച   കമിഴ്ന്നു കിടന്നു പ്രാക്ട്ടീസ് ചെയ്യിച്ചിട്ടും ..എനിക്കിവളേ ഒന്നു നേരെയാക്കാ‍ൻ പറ്റിയില്ലോ....അതെന്തു മന്ത്രം...
                  കവിത തകർക്കുക യാണ്  
      “ജലമുറഞ്ഞൊരു തീർത്ഥശില്പോലെ“
കർട്ടനു പിന്നിൽ ഞാനും...


പിന്നീട്  ആ   ഫസ്റ്റിയർ കാരനെ കാണുമ്പോൾ ..ശ്രുതി  കൺ വെട്ടത്തു നിന്നും ഓടി മറയുന്നതു ഞാൻ കാണുമായിരുന്നു...ഫസ്റ്റിയറിലെ കുട്ടികളുടെ  മുഖത്തെല്ലാം..  ശ്രുതിയെ കാണുമ്പോൾ
വിരിയുന്ന പുഞ്ചിരി....അതായിരുന്നു ഒരു പ്രണയം തകർത്തതിൽ അവൾക്കു മുത്തപ്പൻ കൊടുത്ത
ശിക്ഷ..എന്നിട്ടും   ആ ടോയ്ലെറ്റിൽ എന്തു സംഭവിച്ചു.....ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും  
അതവശേഷിക്കുന്നു...




..


വെള്ളിയാഴ്‌ച, ഡിസംബർ 04, 2009

കൊടി മരത്തല്ല്







എന്റമ്മോ.......അതൊരു തല്ലു തന്നെ ആയിരുന്നു ...റോട്ടിലൂടെ ഓടിച്ചിട്ടടി....കയ്യാലയ്ക്ക്‌ ചാരി വച്ചടി...പുഞ്ചക്കണ്ടത്തിലെ ചളിയിൽ വീണടി...ടെയ്‌ലർ ഷാജിയുടെ കടയിൽ മെ ഷിന്റെ മേലെ നിന്നടി...


തോണത്തോട്ടിലൂടെ അടി...അടിയുടെ പൊടി പൂരം.......പലരും ജട്ടിയുടെ നിറം കാട്ടി വിരട്ടിയാണു ..അടി .


കോളേജു വിട്ട്‌ വരുന്ന വഴി....എന്താന്നറിയില്ല.... തല്ലു നടക്കുന്നു ...കാണുന്നോരെല്ലാം കിട്ടുന്നോരെ തല്ലുന്നു..ഇതെന്താപ്പാ വെള്ളരിക്കാ പട്ടണമോ.....ഒരു മിന്നായം പോലെ ഒരുത്തന്റെ ചെരുപ്പ്‌..എനിക്കൊരു ഷേക്ക് ഹാന്റ് തന്നിട്ടു പറന്നു പോയി .....കൊച്ചേ..ഇങ്ങോട്ട് മാറിനിന്നേ...
കള്ളുഷാപ്പിൽ  കറിവിൽക്കുന്ന ചാക്കണ പപ്പേട്ടൻ പറഞ്ഞു.....എന്താ  പപ്പേട്ടാ ..ഇത്  ..ഇതൊന്നു പിടിച്ചു നിർത്താൻ ആണായ് പിറന്നവരാരും ഇല്ലേ ഇവിടെ .....(അതോ ഈ ഉണ്ണിയാർച്ചതന്നെ ഇറങ്ങണോ... ഇറങ്ങിയാൽ കാണാരുന്നു)...അരെങ്കിലും ഒന്ന് പോലീസിനെ വിളിക്ക്...ചുരുളൻ മുടിയുള്ള ഒരു വനെ പിടിച്ച് മറ്റൊരു വൻ സർവ്വേക്കല്ലിൽ ഇഡിക്കുന്നു ...ദൈവമേ...ഒരു കൊലപാതകം കാണായുള്ള ശേഷിയില്ലാത്തതിനാൽ...അധികനേരം അവിടെ നിന്നില്ല...വേഗം വീട്ടിലേക്കോടി....മത്തിവാങ്ങാൻ പോകാനിരുന്ന അനുജനെ    ഞാൻ വിലക്കി അടിയാണെന്നു കേട്ടപ്പോൾ അയ്യട,,,ചെക്കന് അതു കണ്ടേ മതിയാവൂ....നീ അധികം പറയണ്ട...ഞാൻ പോകും ...അവന്റെ പത്തി ഉയർന്നു ...അത് ശരിയാകുമോ...കുടൂംബ നാഥയായ ഈ ഞാൻ പറയുന്നത് കേൾക്കാതെ ...ധിക്കരിക്കാനായൊ നീ....മുറ്റത്ത് ..അമ്മ കീറിയിട്ട ..മട്ടല്*  കൊണ്ടൊന്നു കൊടുത്തു
ക...മ  എന്ന്  മൂന്നക്ഷരം ...മിണ്ടാതെ അവൻ ..ആകത്തേക്ക് കയറിപ്പോയി ...അങ്ങിനെ മത്തിവാങ്ങാൻ പോയവന്റെ പത്തിഞാൻ താഴ്ത്തി...എന്നോടു കളിച്ചാൽ അറിയാല്ലോ.....അവൻ അടങ്ങി നിൽക്കുന്നതു കണ്ട്..ഞാൻ പിന്നേം പിന്നേം ചൊറിഞ്ഞു കേറി...എന്റമ്മോ...ഗതികെട്ടവൻ കയ്യിൽ കിട്ടിയ ക്രിക്കറ്റ് സ്റ്റംബും എടുത്ത് ..എന്റെ നേർക്ക്...ബസ്റ്റോപ്പിൽ കണ്ട പല അടവും ...ഞാൻ പയറ്റിനോക്കി....നോ രക്ഷ.....എന്നാലും എന്നോടൂ കളിച്ചാൽ ഞാൻ വിടുമോ....രണ്ടും കല്പിച്ചു ഞാൻ ഓടി..ഒരാറേഴു പ്രാവശ്യം..വീട്ടിനു ചുറ്റും ശയന പ്രദക്ഷിണം വച്ച് ഞാൻ അവനെ കളിപ്പിച്ചു.  ഒടുവിൽ അമ്മയെത്തിയാണ് മദ്ധ്യസ്ഥം പറഞ്ഞത്....ശൊ  ഇതെന്താടാ...ഇന്ന് തല്ലിന്റെ 
ദിവസമാണല്ലോ...റോട്ടിലിറങ്ങിയാൽ അവിടെ തല്ല് ....വീട്ടിൽ ഇറങ്ങിയാൽ അവിടേം തല്ല്.
റോഡിൽ നടന്ന തല്ലിനെ കുറിച്ച്...അമ്മയ്ക്കൊരുപന്ന്യാസം തയ്യാറാക്കിക്കൊടുത്തു.....നീ  അറിഞ്ഞില്ലേ..ഇന്നലെ ആഗസ്ത് പതിനഞ്ചിനു കോണ്ഗ്രസ്സുകാർ ഉയർത്തിയ കൊടി ..മാർക്കിസ്റ്റു കാർ നശിപ്പിച്ചെത്രേ.........ശിവ ശിവ....വെറുതെ അല്ല ആ ടെയ്ലർ ഷാജിയുടെ കടയിൽ കയറി അടി നടക്കുന്നത്...ഇന്നലെ അവിടെ നിന്നും കൊടി തയ്ക്കുന്നത് ഞാൻ കണ്ടിരുന്നു....എന്നാലും ഒരു കൊടിയ്കൂ വേണ്ടി ഇത്രയും തല്ലണമോ..അമ്പത് രൂപാ മുടക്കിയാൽ നല്ല ഒന്നാന്തരം കൊടി വേണമെങ്കിൽ കിട്ടുമല്ലോ....അതിനിങ്ങനെ.. റോഡ്   ഹോളീവുഡ് പടമാക്കണമോ..?




                             എന്തായാലും നല്ല തല്ലു നടന്നു...മാലപ്പടക്കം പൊട്ടിയേടത്ത്  കുട്ടികൾ ..ശുളു.*..പടക്കം..തിരയുന്നതു പോലെ  അടിയുടെ തലയും വാലും പെറുക്കിക്കൂട്ടാൻ പോലീസെത്തി..ലോക്കൽ...സെക്രട്ടറിയെയും മണ്ടലം ...പ്രസിഡന്റിനേയും ...മകര വിളക്കിനേയും ഒക്കെ പൊക്കി സന്നിധാനത്തേക്ക്(പോലീസ് സ്റ്റേഷൻ)കൊണ്ടൂ പോയി..എന്തു ചെയ്യാൻ അടി നടക്കുന്ന സമയത്ത് ..മണ്ടലം പ്രസിഡന്റ് ... പ്രിയ പത്നിക്ക് ..ഒരു കോണ്ട്രാക്ടറുടെ മോളുടെ കല്ല്യാണത്തിനുടുക്കാൻ ..6000 രൂപയുടെ സാരി മേടിക്കാൻ പോയതായിരുന്നു പോലും ..പോലീസ് കുത്തിനു പിടിച്ചപ്പൊ പറഞ്ഞതാണ്..എന്നാണു കേൾവി....ലോക്കൽ സെക്രട്ടറിയാക്കട്ടെ..മൂലക്കുരുവിന്റെ ഓപ്പറേഷനും കഴിഞ്ഞ്...വീട്ടിൽ റെസ്റ്റ് എടുക്കുന്ന സമയം ...
എന്തു ചെയ്യാം മൂലക്കുരുവിനേക്കാൾ വല്ല്യ കുരുവല്ലേ..നെഞ്ചത്തു കേറി...സിനിമാറ്റിക്ക് കളിക്കുന്നത്.
ഇതിലും ഭേതം ..ആ മൂലക്കുരു തന്നെയാണെന്നയാൾ ചിന്തിച്ചിട്ടുണ്ടാകാം.....എന്തായാലും സ്വതന്ത്ര ദിനത്തിൽ ഒരു കൊടി വരുത്തി വച്ച വിനയെ...


                                 വൈകിട്ട് കവലയിൽ കരിംകൊടി പ്രകടനവും . പൊതുയോഗവും ..നടന്നു..കോൺഗ്രസ്സുകാരാകട്ടെ....പൊതുയോഗം നടത്താൻ കൊടുത്ത കാശെടുത്തു പുട്ടടിച്ചു....എല്ലാവീട്ടിലും കേറി ..സംഭവത്തിന്റെ നിജസ്ഥിതി ബോധിപ്പിച്ചു...(ബുദ്ധിമാന്മാർ)........മാർക്കിസ്റ്റു കാർ നാ‍ട്ടു കാരെയും ചെത്ത് തൊഴിലാളികളെയും ഞെക്കി പിഴിഞ്ഞു എങ്ങിനെയൊക്കെയോ...മൈക്ക് സെറ്റിനുള്ള കാശ് ഒപ്പിച്ചു..എന്നിട്ടോ...കവലയിൽ കള്ളുഷാപ്പിൽ വൈകിട്ട് റീച്ചാർജ്ജ് ചെയ്യാൻ വന്ന .സിം കാർഡ് ബ്ലോക്കാവാറായ നാലഞ്ചു കിളവന്മ്മാരുടെ മുന്നിൽ ഘോര ഘോരം പ്രസംഗിച്ചു..
        പ്രിയ്യപ്പെട്ട സഖാക്കളെ....നമ്മുടെ നാടിന്റെ  പ്രിയ്യങ്കരരായ....രണ്ടു സഖാക്കളെ ആണ് ഇന്ന് പോലീസ് കള്ളക്കേസിൽ കുടുക്കി  അറസ്റ്റു ചെയ്തത്.നിങ്ങൾക്കറിയാമോ.നമ്മുടെ  ലോക്കൽ സിക്രട്ടറി .പണ്ടു...കർഷകതൊഴിലാളി പെൻഷൻ കിട്ടാതിരുന്ന അദ്ദേഹത്തിന്റെ അച്ചനും അമ്മയ്ക്കും എത്രകഷ്ടപ്പെട്ടിട്ടാണെന്നോ...പെൻഷൻ വാങ്ങിക്കൊടുത്തത്...അതു മാത്രമോ....സമുഹ പച്ചക്കറി നട്ടപ്പോൾ വളരെ  കഷ്ടപ്പെട്ട് അദ്ദേഹം (മൂലക്കുരു കാരണം ...അതൊരു  കഷ്ടപ്പാടാണെന്ന്..വല്ല്യമ്മവൻ പറഞ്ഞു കേട്ടിട്ടൂണ്ട്.)വിളവെടുപ്പിനു വന്നു..ആദ്യം വിളവെടുത്ത   അഞ്ചു ചൂരി കുമ്പളങ്ങ അദ്ദേഹം ഒറ്റയ്ക്കാണു ചുമന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടു പോയത്...അസുഖം “മൂലം.“ ഒന്നനങ്ങാൻ പോലും വയ്യാതെ കിടക്കുന്ന നമ്മുടെ സഖാവിനെ  യാണ്..കൊടിമരം നശിപ്പിച്ചെന്ന പേരിൽ അറസ്റ്റു ചെയ്തിരിക്കുന്നതു   അതു മാത്രമോ..നമ്മുടെ ..ബ്രാഞ്ചു സിക്രട്ടറിയായ...സഖാവ്..കണാരനെയും പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു ....എന്താണു കണാരൻ ചെയ്ത കുറ്റം...സംഭവം നടന്നു എന്നു പറയുന്ന ഇന്നലെ രാത്രി ..കണാരൻ ഈ നാട്ടിലേ..ഉണ്ടായിരുന്നില്ല..എന്നിട്ടും,,,ഇത്  കരുതി കൂട്ടിയുള്ള ..ആക്രമണമാണ്  ഇതിനെ എന്തു വിലകൊടുത്തും പാർട്ടി നേരിടും.....വാകീറി ഏരിയാ സെക്രട്ടറി പ്രസംഗിച്ചു.....അങ്ങിനെ നാടു മുഴുവൻ ഒരു ഐഡിയാ സ്റ്റാർ സിംഗറിനുള്ള വേദിയായി..മാറി..വാക്ക് പയറ്റുകളും ...തെറിയഭിഷേകങ്ങളും ..കവലയിൽ വഴിപാടു പോലെ..കഴിക്കാൻ തുടങ്ങി....മത്തി കൂട്ടാതെ ..അച്ചമ്മയ്ക്കു വിറയൽ തുടങ്ങി...അനിയൻ കുട്ടനെ പറഞ്ഞയക്കാൻ മനസ്സു വന്നില്ല വളരുന്ന പ്രായമല്ലെ..അവിടെ വിളിക്കുന്ന വല്ല തെറിയും അവൻ യു എസ് ബി യിൽ കേറ്റി കൊണ്ടൂവന്നാലോ.......അതൊന്നും തടുക്കാനുള്ള മുറം വീട്ടിലില്ല..വിവാദമായ ആ കൊടിമരം..എന്റെ വീടിന്റെ ...അടുത്താണ്...പിറ്റേന്ന്  വൈകുന്നേരം ...കാ‍ലിക്കാരൻ (കാലികച്ചവടക്കാരൻ)രാമേട്ടൻ...ആ കൊടിമരത്തിന്റെ ....കീഴിലായി എന്തോ  പരതി നടക്കുകയാണ്.....ഫ്യൂസായ ബൾബു  പോലെയുള്ള ...ആ കണ്ണു കൊണ്ട് ഇതെന്നാ തിരയാനാ...ഒന്നന്വേഷിക്കുക തന്നെ... എന്താ  രമേട്ടാ ഇവിടെ തിരയുന്നത്.....ആ നീയ്യോ....
എന്തോന്ന് പറയാനാണേ....എളയോള്  സരസൂന്റെ ഭാഗത്തിലുള്ള പറമ്പില്ലേ..അതിന്റെ ..കരം അടച്ച രസീത്  ..മിനിഞ്ഞാന്ന്  രാത്രി....വീണു പോയി........പന്ന്യൂര് ഒരു കാലിക്കച്ചവടം ഉണ്ടായിരുന്ന് അതും കഴിഞ്ഞു വരുന്ന വരവിൽ ഒന്നു മിനുങ്ങിയിരുന്നു....ഓട്ടോയിൽ   വന്ന് ഇവിടെ ഇറങ്ങി ..ഈ കൊടിമരം പിടിച്ചതോർമ്മയുണ്ട്....പിന്നെ രാവിലെ ...നോക്കുമ്പം ...കണ്ടത്തിലെ ചളിയിൽ കിടക്ക്ന്ന്  ഞാൻ .... പല്ലില്ലാത്ത മോണകാട്ടി...ഒരു ..ബളാ  ബളൻ ...ചിരി  പസ്സാക്കി...രാമേട്ടൻ..ഇന്ന് നോക്കുമ്പം കരടച്ച രസീത് കാണാനില്ല ...അതാ  ഈ തിരയുന്നേ....


                       അതുശരി.....അപ്പോ....വേൾഡ് ട്രേഡ് സെന്റർ തകർത്ത പുള്ളിയാണ് ഇവിടെ നിന്ന് 
മോണകാട്ടി...ബളാ  ബളൻ ചിരി പാസ്സാക്കുന്നത്....എന്റെ ശിവനേ.....പാവപ്പെട്ട..മൂന്നാലു നേതാക്കന്മാർ...പോതുയോഗത്തിനു കാശു കൊടുത്ത ..ചെത്തു തൊഴിലാളികൾ....സർവ്വേക്കലിനു ഉമ്മകൊടൂത്ത ചുരുളൻ മുടിയൻ....തല്ലു കൂടി..ചോരയൊലിപ്പിച്ച....അനുയായികൾ.... അവരുടെ കാര്യം തോം തോം തോം.... ..........ഇതാരോടൂം പറഞ്ഞേക്കരുതെന്ന് താക്കീത് ചെയ്ത് ..വീണ്ടൂം ആ പഴയ ചിരി ഒന്നു കൂടി പാസ്സാക്കി..രാമേട്ടൻ നടന്നു നീങ്ങുമ്പോൾ ..നേതാക്കളെ അറസ്റ്റു ചെയ്തതിലും കൊടി മരം നശിപ്പിച്ചതിലും പ്രതിഷേധിച്ച്..ഒരു പന്തം കൊളുത്തി പ്രകടനം....(നാ‍ലഞ്ചാളുകൾ ..ഞങ്ങടെ നാട്ടിൽ അത്രയേ..കോൺഗ്രസ്സു കാർ ഉണ്ടാകൂ...)അതുവഴി കടന്നു പോയി...കൂടാതെ ..ലോക്കൽ സിക്രട്ടറിയുടെ കോലവും ആ കൊടിമരത്തിനടുത്തു നിന്നു കത്തിച്ചു.  പാവം “ലോക്കൽ“ സെക്രട്ടറി.


*മട്ടല്...:- ഓലയുടെ മടൽ
*ശുളു....:-പൊട്ടാതെ പോയ പടക്കങ്ങൾ



ബുധനാഴ്‌ച, ഡിസംബർ 02, 2009

മസാലക്കറി

എന്റമ്മോ...ഇപ്പൊ ബ്ലോഗ്ഗെഴുത്തു തന്നെ നിന്നേനെ....സ്വാമിയേ..ശരണമയ്യപ്പാ...നീ രക്ഷിച്ചു...മാനം പോയെങ്കിലും വീണ്ടും ബ്ലോഗ് എഴുതാൻ അമ്മ സമ്മതിച്ചല്ലോ....
എന്നെ സ്നേഹിക്കുന്ന ബ്ലോഗ്ഗർമ്മാരുടെ പ്രാർത്ഥനയായിരിക്കാം...


       ഇന്നലെ കോളേജ് കഴിഞ്ഞ് ബസ്സിൽ കേറീയപ്പൊ മുതൽ ..എന്റെ പൊട്ടാക്കുടുക്ക 
മാത്രമായിരുന്നു മനസ്സ്സിൽ....എത്ര കമന്റുകൾ വന്നിട്ടുണ്ടാകും ...ഓണത്തിനു പട്ടുപാവാട അടിക്കാൻ കൊടുത്തു കാത്തിരിക്കുന്ന ഒരു നാലാം ക്ലാസ്സു കാരിയുടെ
അകാംഷയായിരുന്നു മനസ്സിൽമുഴുവൻ...കണ്ടക്ടർ വന്നു ചുമലിൽ പിടിച്ചപ്പോഴാണ് ഞാ‍ൻ
ബോധവതിയായത്... ഓ ഞാൻ ബസ്സിലാണല്ലോ..  “ ദൈവമേ....എന്റെ ശത്രുക്കളിൽ ഒരാൾ
എന്റെ ചുമലിൽ പിടിച്ചിരിക്കുന്നു ...ക്ഷിപ്രകോപിയായ ദുർവ്വാസാ‍വുപോലും പേടിക്കുന്ന
എന്റെ കോപം ..എന്തോ ആ സമയത്ത്..അവിടെ ചാണോക്കുണ്ടിൽ വീണ പഴം ചക്ക പോലെ ഉടഞ്ഞുപോയി...കണ്ടക്ടർ വർഗ്ഗത്തിൽ ആരോ ചെയ്ത പുണ്ണ്യം...."ഒരു പഴയങ്ങാടി".ഞാൻ ടിക്കറ്റെടൂത്തു.


അവസരം മുതലെടുത്തതിന്റെ സന്തോഷത്തിൽ അവൻ എനിക്കു രണ്ടു ടിക്കറ്റ് തന്നു..
അതു വീണ്ടും ഒരു കെണിയാണെന്നെനിക്കു തോന്നി...ഞാൻ അതു അപ്പൊത്തന്നെ..
പുറത്തേക്കെറിഞ്ഞു..ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ..അവൻ വീണ്ടും എന്റെ  അടുത്തു വന്നു..രണ്ടാമത്തെ ടിക്കറ്റ് തീരിച്ചു ചോദിക്കാൻ..നമ്മളാരാ,,,മോൾ ..കാള വാലു പൊക്കുമ്പൊഴേ  അറിയില്ലേ...ഒലിപ്പിക്കാനാണെന്ന്...“ഓ അതു ഞാൻ പുറത്തെക്കു കളഞ്ഞു” വെളിച്ചെണ്ണയിലിട്ട പപ്പടം പോലെ..അവന്റെ മോന്ത പൊന്തിവരുന്നത് ഞാൻ
കാണുന്നുണ്ടായിരുന്നു..ടിക്കറ്റ് കാശ്   എങ്ങിനെ  കണക്കിലെഴുതും എന്നാലോചിച്ചപ്പോൾ ആരോ ഈർക്കിൽ കൊണ്ടാ പപ്പടം കുത്തി പൊട്ടിച്ചു...(ഇന്നലെ പെരുന്നാളിന്റെ  അവദിയായതു കാരണം സ്പെഷ്യൽ ക്ലാസ്സ് ആയിരുന്നു അതിനാൽ പാസ്സെടുക്കില്ല.പിന്നെ ഏതു പെണ്ണിനോടു പാസ്സു ചോദിച്ചില്ലെങ്കിലും ഈ കണ്ടക്ടർ വിഭാഗം എന്നോടു പാസ്സു ചൊദിക്കും അതവരുടെ അസ്സോസ്സിയേഷന്റെ തീരുമാനമാണോ..അതോ എന്റെ സ്വഭാവം അത്ര സോഫ്റ്റായതു കൊണ്ടോ എന്നറിയില്ല.)5.50 അവനു പോയിക്കിട്ടി.  അല്ലേൽ വേറെ എതെങ്കിലും ആളുകൾക്ക് ടിക്കറ്റ് കൊടുക്കാതെ അഡ്ജസ്റ്റ് ചെയ്യുമായിരിക്കും ..പോട്ടെ...കമന്റു നോക്കാനുള്ള തിടുക്കത്തിൽ ഞാൻ അതൊന്നും ഓർമ്മിച്ചില്ല... ആ ദിവസം പണ്ടാരടങ്ങാൻ ബസ്സിനു വേഗതയും ഇല്ലാ‍യിരുന്നു  ഒരു നിമിഷം .പിന്നിൽ .പി വി ടി... പിന്നിൽ വന്നെങ്കിൽ എന്നു  ഞാൻ ആശിച്ചു...(പി വി ടി യും നസീറയും തമ്മിൽ എന്നും ഓട്ടമത്സരമാണ്.)   ..ഒടുക്കം തുഴഞ്ഞു തുഴഞ്ഞ് വീട്ടിലീത്തി...ബാഗും കുടയും ..കട്ടിലിലെക്ക് വലിച്ചെറിഞ്ഞ്..സിസ്റ്റം ഓൺചെയ്തു...എവിടെ...നെറ്റാണേങ്കിൽ ഒടുക്കത്തെ സ്ലോമോഷൺ കളിക്കുകയാണ്....ഓ..തൊടങ്ങിയാ അതിന്റെ മോളിൽ കേറിയിരിക്കാൻ ..(പുതിയ തലമുറയുടെ സുഖ സൌ‍കര്യങ്ങളീൽ പഴയ തലമുറയുടെ ഒരു അസൂയ കണ്ടോ അമ്മ.തുടങ്ങി.)......ഇതു ഞാനെപ്പോഴാ തല്ലിപ്പൊളിക്കുക എന്നു പറയാൻ വയ്യ ..അമ്മ പിന്നെം മുരണ്ടു......നാശം...ഈ നെറ്റൊന്നു വന്നെങ്കിൽ ...ആ ദേഷ്യം കൂടി ചേർത്ത്..ഞാ‍ൻ അമ്മയ്ക്കു കൊടൂത്തു..“എന്റെമ്മെ പിന്നെ ഞാൻ എന്താ വേണ്ടെ“.. അതിരാവിലെ എഴുന്നേറ്റപ്പോൾ  ..കാലിന്റെ പെരുവിരലു കല്ലേൽ തട്ടിയാലുണ്ടാകുന്ന ദേഷ്യത്തോടെ എന്റെ വാക്കുകൾ  പുറത്തു വന്നു ....ആ വാക്കുകൾ.  അങ്ങ് അമേരിക്കയിൽ ഇന്റർ നെറ്റ് സെർവ്വറിൽ വരെ എത്തി. അതുകൊണ്ടായിരിക്കാം ..ടീമിൽ സെലക്ഷൻ കിട്ടിയ ശ്രീശാന്തിനെ പ്പോലെ ..ആക്രാന്തത്തോടെ .നെറ്റമ്മാവൻ ഓടി വന്നത് .. പോസ്റ്റിൽ കമന്റ് നോക്കി..
ഹവൂ..എട്ടെണ്ണം വന്നിട്ടുണ്ട്...കുഴപ്പമില്ല ഒരു തുടക്കക്കാരിക്കു കിട്ടാ‍വുന്നതിൽ കൂടുതൽ ഉണ്ടെന്നു തോന്നി..


         എന്റെ നന്ദൂ....നീ ഒന്നതീന്ന് എഴുന്നേറ്റേ...ആ ചെമ്മീൻ ഒന്ന് ചൂളികളഞ്ഞേ.....അമ്മ വീണ്ടും കലക്കാൻ തന്നെ തീരുമാനം....ഇന്റർ നെറ്റിന്റെ ഉപയോഗം എങ്കിൽ അമ്മയ്ക്കുകൂടി കാണിച്ചു കൊടുക്കുക തന്നെ ..മെല്ലെ അമ്മയുടെ അടുത്തു പോയി
സോപ്പിടാൻ തുടങ്ങി..ആരാ അമ്മേ..ചെമ്മീൻ കൊണ്ടു വന്നേ...ആ.... മമ്മൂഞ്ഞിക്ക....
അതു  ശരി ...ആ കാലമാടനാണല്ലേ.. ഈ പണി ചെയ്തത്... പണ്ട് 5 രൂപയ്ക്ക് മൂന്നു  മത്തി തന്നതിനു ഞാനുമായി ഒന്നുടക്കിയതാണ് അതിൽ പിന്നെ ..കുറേക്കാലത്തെക്ക്  ഈ ഭാഗത്തേക്ക് കണ്ടതേ ഇല്ലായിരുനു....അതിനു ശേഷം മീൻ കിട്ടാതെ വല്ലാതെ വിഷമിച്ചിരുന്നു...വീണ്ടും വരണേ...എന്ന്
ആത്മാ‍ർത്ഥമായി ആഗ്രഹിച്ചിരുന്നു. പക്ഷേ...ഇതു പോലെ പുലിവാകുമെന്നാരെങ്കിലും കരുതിയോ..ഏതായലും ..ഇനി ഇവിടെ ..രാവിലെ മാത്രം മീൻ കൊണ്ടൂ വന്നാൽ മതിയെന്ന് മയത്തിൽ പറഞ്ഞൂ ബോധ്യപ്പെടൂത്തണം..(പിന്നേ...ഞാൻ പറയുന്ന പോലെ ഒക്കെ എനിക്ക് ചെയ്തു തരാ‍ൻ അയാൾ എന്റെ തന്തയല്ലേ...അമ്മ കേൾക്കെണ്ട)..അമ്മയൊന്നു വന്നേ...അമ്മയ്ക്ക്  ഈ നെറ്റിന്റെ ഉപയോഗമൊന്നും അറീയാഞ്ഞിട്ടാ...ഒന്ന് വന്ന് നോക്കിയേ...
“ ടീ കയ്യേന്നു വിട് എനിക്കു നിന്റെ കൂടെ കളിക്കാൻ നേരമില്ല ചോറടുപ്പത്തുണ്ട്”  അതെ നിനക്കിതൊന്നും ബാധകമല്ലല്ലോ..നാളെ..വല്ലോന്റെം കൂടെ പോകാൻ ഉള്ളതാ..അവനു വായിൽ
കൊള്ളാവുന്ന വല്ലതും വെച്ചു കൊടൂക്കണം എന്നുണ്ടെങ്കിൽ വല്ലോം ചെയ്തു പഠിച്ചോ...


അമ്മ  വരാൻ ഭാവമില്ല ..അതു ശരി എന്നോടാ കളി ..അമ്മയുടെ അല്ലേ മോൾ. ഒരു വിധം പിടിച്ചു
വലിച്ച് അമ്മയെ ഞാൻ സിസ്റ്റത്തിന്റെ മുന്നിലിരുത്തി..എന്റമ്മേ..അമ്മയ്ക്കെന്താ വേണ്ടെ...
ചോറൂം കറിയും വെയ്ക്കാൻ ..പഠിക്കണം അത്രയല്ലേ വേണ്ടൂ..ഗൂഗിൾ  സെർച്ച് ..എടുത്ത് റൈസ് എന്നടിച്ചു കൊടൂത്തു. ദാണ്ടെ കിടക്കുന്നു പുന്നെല്ലിന്റെ യും ഓർക്കയമയുടെയും ബസുമതിയുടെ യും നല്ല തുമ്പപ്പൂ പോലുള്ള ചോറുകൾ ...ഇനി അമ്മയ്ക്കു കറിയുണ്ടാക്കുന്നതെങ്ഹിനെയാണേന്നു കാണീച്ചു തരാം..യൂ‍ ട്യൂബിൽ പാചക കലകളുടെ വീ‍ഡിയോസ് ഉണ്ടെന്ന് ശ്രുതി (ക്ലാസ്മേറ്റ്സ്)പറഞ്ഞതോർത്തു.... അമ്മയ്ക്ക് ഒരല്പം ഹരം കേറി എന്നു തോന്നുന്നു...അങ്ങിനെ ആണെങ്കിൽ മസാലക്കറി എങ്ങിനെ ഉണ്ടാക്കുന്നതെന്നു ഒന്നു നോക്കിയേ....ഹൊ ഞാൻ ധന്യ ആയി അങ്ങിനെ അമ്മയെ വീഴ്ത്തിയില്ലെ...ഞാൻ ആരാ മോൾ അല്ലെ.  മസാലക്കറി  കാണിച്ചു കൊടുക്കാനുള്ള തിറുക്കത്തിൽ മസാ‍ല വീഡിയോസ് എന്ന ലിങ്കിൽ ക്ലിക്കു ചെയ്തു....
                  **********************************************************
അയ്യേ.......................അമ്മ കണ്ണു പോത്തിയതു കൊണ്ട് ..കൂടുതൽ കണ്ടില്ല ...കൈ വിറച്ചിട്ടു പണ്ടാരം ഓഫ് ചെയ്യാനും പറ്റുന്നില്ല....ഇഡീവെട്ടിയവന്റെ തലയിൽ പാപു കട്ച്ചെന്ന പോലെ നെറ്റമ്മാവനപ്പോൾ  എന്നെ നാറ്റിക്കാൻ എന്നോണം വീണ്ടും  സ്ലോമോഷൻ കളിച്ചു..അമ്മ വീണ്ടും കണ്ണൂ  തുറന്നപ്പോൾ ..വിണ്ടും കണ്ടു...”ഒന്നു മാറ്റ്ന്ന് ണ്ടാ നീ അതു. നിന്റെ നെറ്റിൽ കളി ഞാൻ ഇതോടെ നിർത്തിത്തരാം ..ഇതിനാ‍ണല്ലേ..നീ അച്ഛനെ മണിയടിച്ച് ഇതെല്ലാം വാങ്ങി വച്ചെ..ഇനി വിളിക്കുമ്പോൾ ഞാൻ പറയണ് ണ്ട്..  മനാ‍രാ‍യി*............................






                        വെള്ളത്തിലിട്ട  ഗ്യാസിന്റെ ഗുളിക പോലെ ഞാൻ അലിഞ്ഞില്ലാതായി ...ഒരു വാക്ക് ഉരിയാടാൻ പോലും കഴിഞ്ഞില്ല...എന്തു ചെയ്യാം ..വിധി ... എനിക്കിതു കിട്ടണം...ആരുടെ ശാപമാണെന്നറീയില്ല..എന്റെ കവിതകൾ വായിക്കുന്ന ബ്ലോഗർമ്മാരുടെതായിരിക്കുമോ..അതോ..ഞാൻ സ്നേഹിച്ച എന്റെ കൊച്ചു വർത്തമാനങ്ങളിൽ പുളകിതരായ കണ്ടക്ടർ വർഗ്ഗമോ., മീൻ കാ‍രൻ മമ്മൂഞ്ഞിയോ.....അതോ ...ക്ലാസ്സ്മേറ്റ്സ് ശ്രുതിയോ...?...........ഓടി ചെന്ന് ചെമ്മീന്റെ ചൂളി കളഞ്ഞു...രാത്രി...ചോറുന്ന സമയത്ത് മെല്ലെ അമ്മയെ മയത്തിൽ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താമെന്നായി ..എന്തായാലും നെറ്റ് കണക്ഷൻ പോകുമെന്ന്  അമ്മയുടെ മുഖം പറയുന്നുണ്ടായിരുന്നു.....അങ്ങിനെയാണ്  ദൈവം എന്റെ വിളി കേട്ടത്..കുടുംബ ശ്രീയുടെ മീറ്റിങ്ങീനു പോയതിനാൽ അമ്മ  ഇന്നലത്തെ പാരിജാതം  കാണാൻ വിട്ടു പോയ കാര്യം ...ഞാൻ ഓർത്തത്. അപ്പൊഴായിരുന്നു  .മെല്ലെ ഞാൻ സിസ്റ്റത്തിൽ  പാരിജാതം എടുത്തു വച്ചു “ ആ പുഴയിലൊരു ഈ പുഴ തഴുകി “  പാട്ട് ഒഴുകി വന്നപ്പോൾ അമ്മയ്ക്കു പിടിച്ചിരിക്കാൻ പറ്റിയില്ല  ..മെല്ലെ മെല്ലെ അമ്മ ഒരു കസേരയുമായി എന്റെ  മുറിയിലേക്ക് വന്നിരുന്നു ... അങ്ങിനെ  വീണ്ടും
എനിക്കമ്മയെ  സിസ്റ്റത്തിനു മുന്നിൽ കിട്ടി...പാരിജാതം കഴിഞ്ഞ് ഐഡിയാസ്റ്റാർസിംഗറും കാട്ടി കൊടുത്തു ഞാൻ അമ്മയെ ചെറുതായി സന്തോഷിപ്പിച്ചു ...പിന്നെ ഏറെ പണീപ്പെട്ടാണ് ഞാൻ അമ്മയെ ബ്ലോഗിനെ പറ്റി പറഞ്ഞൂ മനസ്സിലാക്കിയത് ഒന്നു രണ്ടു കവിതകൾ ...മിനിചേച്ചിയുടെയും
അഭിജിത്തിന്റെയും കവിതകൾ വായിച്ചു കേൾപിച്ചു....അതിലമ്മ വീണു...എന്നു തോന്നുന്നു ..പിന്നെ അമ്മയ്ക്കു സിസ്റ്റം വിട്ടു കൊടുത്തു ..കഥകളും കവിതകളും ..ചെമ്മീൻ കറിപോലെ അമ്മയ്ക്കിഷ്ടപ്പെട്ടു...അത് തുടർന്നും എന്നെ ബ്ലോഗിൽ കാണുവാൻ  ഉള്ള നിർഭാഗ്യം നിങ്ങൾക്കുണ്ടാക്കി........അതിൽ പിന്നെ ഇന്നേവരേ...യു ട്യൂബ് എന്ന ആ പണ്ടാരത്തിന്റെ ഞാൻ തൊട്ടിട്ടില്ല.




                                             * മനോഹരമായി ..എന്നതിന്റെ ..ഒരു ഉൾനാടൻ കണ്ണൂർ പ്രയോഗം

പീഡിത




ഒരു തൊട്ടാവാടി ചെടിപോലെ
കദനത്തിന്റെ മഞ്ഞു തുള്ളികൊണ്ട്
എന്റെ കുഞ്ഞിലകൾ വാടീയിരിക്കുന്നു
ഞാൻ പോലും അറിയാതെ


മൌനത്തിന്റെ വിരലടയാളം പതിഞ്ഞ
ജാലകങ്ങളിൽ വെളിച്ചം പോലും
പിണങ്ങിടുന്ന വേളയിൽ
ഇരുട്ടിനെ പ്രണയിച്ചവൾ


ഇടവഴികളെ പഴിച്ചച്ചമ്മ
ആ ഇരുട്ടിൽ കുരുട്ടു ബാധിച്ച്
പുറത്തിറങ്ങാതെ അച്ഛനും അമ്മയും
മുഖം മറച്ചനുജനും


പൂ“മുഖ“ത്തൊരു  നിലവിളക്ക്
എരിയാതെ ..എപ്പോഴോ
വച്ചതാണ്...ദൈവങ്ങളെ.
നിങ്ങളും കണ്ണടച്ചല്ലോ‍..?


കരിച്ചട്ടികൾ കനലില്ലാതെ വെളുത്തു
പുകയില്ലാ‍തെ .വാനവും
വിശപ്പില്ലാത്ത ജന്മ്മങ്ങളായ്
ഊരാക്കുടുക്കിൽ പിടയുമ്പോൾ


കീറിപ്പറിച്ചൊരെൻ കുപ്പായത്തിന്റെ
ചിതറിപ്പോയ ഇഴകൾ . ജീവിതം
മോഹം .പ്രതീക്ഷകൾ
അച്ഛൻ ഒരു സാരിത്തലപ്പു കീറി
അതിലൊടുങ്ങി.


കീറിപ്പറിച്ചൊരെൻ കുപ്പായത്തിന്റെ
ചിതറിപ്പോയ ഇഴകൾ.ജീവിതം.
മോഹം പ്രതീക്ഷകൾ
അമ്മയും നെഞ്ചുകീറി ഒടുങ്ങി


കരി മാരിയിലൊരു ഇഡിമിന്നൽ
വന്നെൻ മനമെരിച്ചു..മരിച്ചു
അനുജനും ..മാനഹാനിയാൽ
കൂടെ അച്ഛമ്മയും...പിന്നീട്


കടലിടുക്കിൽ ഒറ്റപ്പെട്ട കരിം പാറപോലെ
കാഴ്ച്ചക്കാർക്കു പ്രിയമായ് കണ്ണിനഴകായ്
തിരയിളക്കങ്ങളിൽ കുലുങ്ങാതെ
പ്രതികരിക്കാതെ പാറ പോലെ..
ചലനമറ്റ്........പീഡിത

തിങ്കളാഴ്‌ച, നവംബർ 30, 2009

പൊട്ടാക്കുടുക്ക

വിരഹത്തിന്റെ  തീക്കാറ്റിൽ
ഉരുകാനായണെങ്കിലും
വിദൂരതയിലെന്തോ പ്രതീക്ഷിക്കാൻ
എനിക്കീ ഹൃദയം വേണം


നീ പടർത്തിയ വള്ളീകൾ
നീ അടർത്തിയ ശിഖിരങ്ങൾ
എന്നിൽ പൂത്തു വിരിഞ്ഞ പുഷ്പങ്ങൾ
എന്റെ മോഹങ്ങൾ


മിണ്ടുമ്പോൾ വീണ്ടും വീണ്ടും മിണ്ടാൻ-
തോന്നുന്നതു പോലെ
കാണുമ്പോൾ വീണ്ടും വീണ്ടും കാണാൻ-
തോന്നുന്നതു പോലെ .ഒരു മനസ്സ്.


നീ പറഞ്ഞ വാക്കിനു മറുവാക്കു പറയാൻ
നീ എഴുതിയ എഴുത്തിനു മറുപടിയെഴുതാൻ
നീ തന്ന സ്നേഹത്തിനു പകരം നൽകാൻ
എനിക്കീ ഹൃദയം വേണം..


എല്ലാ വികാരവും കാ‍ത്തു സൂക്ഷിക്കാൻ
നിറയെ പ്രണയം നിറച്ച ഒരു
പൊട്ടാ‍ക്കുടൂക്ക..
എനിക്കീ ഹൃദയം വേണം.

ശനിയാഴ്‌ച, നവംബർ 28, 2009

തിടൂക്കം.

നിലാവിന്റെ വെള്ള കമ്പിളീ പുതച്ചൊരു
വയസ്സൻ രാവ്
ചീവിടുകളാൽ കുരച്ചും തുപ്പിയും
കോടമഞ്ഞാൽ കണ്ണൂ മൂടീയും
കാട്ടാറാൽ  പുലമ്പിയും  അരിശം തീർക്കുന്ന പോൽ


പകലിനോടോ...അതോ...കോടമഞ്ഞിനോടോ
നിയോണുകളുടെ വെട്ടത്തിനോടോ..
ഇടവഴികളോടോ...കാട്ടു പൊന്തകളോടോ..
കള്ള കാമ കണ്ണൂകളോടോ....


നിശബ്ദദതകൾ,  ആകുലതകൾ
അറിയാത്തതിന്റെ  വേദനകൾ
മുരണ്ടൂ പായുന്ന വണ്ടികൾ
അവയ്ക്കടീയിൽ തലചതയുന്ന നിലവിളീകൾ


വിശപ്പിന്റെ മൌനം ..ഞരക്കങ്ങൾ
മരണത്തിന്റെ നിശ്വാസം
രതിയുടെ....കിതപ്പ്
പുതപ്പിന്റെ നാണം


ഒടൂവിൽ എല്ലാം മറച്ച്...
പകലിന്റെ ചുവന്ന ചാ‍യം
അതും മറച്ച് വെളുത്ത ചായം
പിന്നെ ചമഞ്ഞ് ചമഞ്ഞ്
.വീണ്ടൂം കറൂക്കാൻ എന്തൊരു
തിടൂക്കം.

വ്യാഴാഴ്‌ച, നവംബർ 26, 2009

പുഴ

പുഴ എന്റെ മാറാണ്
ഒഴുകുന്നതെന്റെ മുലപ്പാലാണ് 
ഹൃദയം ചുരത്തുന്ന..തെളിനീരാണ്
.ഓളങ്ങളെന്റെ....മനസ്സാണ്



ആകുലതകളിൽ മുങ്ങിയും
അരാമത്തിന്റെ വസന്തത്തിൽ പൊങ്ങിയും
സഹനത്തിന്റെ വേനലിൽ വരണ്ടും..
കണ്ണീരിന്റെ വേലിയേറ്റത്തിൽ ആർത്തിരമ്പിയും...

ഞാൻ പാപ മലിനങ്ങൾ ശുദ്ദീകരിക്കുന്നു
ഞാൻ പാതിവഴിയിൽ കുഴഞ്ഞുവീഴുന്നു
ഞാൻ പാപിയെപ്പോലെ ശപിക്കപ്പെടുന്നു
പ്രാർത്ഥനകളിലാരും ... എനിക്കു വേണ്ടി ..ഇല്ല.


എന്റെ മാറവർ പിളക്കുന്നു
മുലപ്പൽ വിറ്റു കാശാക്കുന്നു
ഹൃദയം കയറ്റിയയക്കുന്നു..
ഞാൻ മരിക്കുന്നു. മനസ്സും, നിങ്ങളും.

ബുധനാഴ്‌ച, നവംബർ 25, 2009

എന്റെ ഇച്ചേച്ചി..

.
സ്നേഹപൂർവ്വം ഇച്ചേച്ചിക്ക്    നന്ദ എഴുതുന്നു
എഴുതാൻ പേടിയാണ്...ഒരു അച്ഛനെങ്ങാനും അറീഞ്ഞാലെത്തെ സ്ഥിതി എനിക്കാലോചിക്കാൻ പോലും കഴിയില്ല........


എല്ലാം ഇച്ചേച്ചിക്കറീയാല്ലോ...
എത്ര നാളായി ഒന്നു കണ്ടീട്ട്...അവിടെ സുഖം തന്നെ അല്ലെ,,,..


എഴുത്തു തുടരണോ വേണ്ടയോ എന്നായി....എന്താ ഞാൻ ഇച്ചേച്ചിയോട്.. പറയുക .. വാക്കുകൾക്ക്...മീതെ ..എന്തോ  ഒരു പുകമറപോലെ...ഒന്നും  തെളിയുന്നില്ല...അതോ,,,കരഞ്ഞു കലങ്ങീയ കാ‍ണ്ണായതിനാലാണോ..എന്നറീയില്ല.
         ഇച്ചേച്ചി എന്റെ അച്ഛൻ പെങ്ങളായിരുന്നു..ഞാനുമായി ... ഒരു നാലു വയസ്സിന്റെ വ്യത്യാസം....അതുകൊണ്ട് .ഞാൻ  ഇച്ചേച്ചീന്നാ...വിളീച്ചിരുന്നേ. ഞങ്ങൾ തമ്മിൽ വല്യകൂട്ടായിരുന്നു  എന്നെ പ്രസവിച്ചപ്പോൾ എന്നെ എടുക്കുന്നതും കുളിപ്പിക്കുന്നതും മഷിയെഴുതുന്നതും ഒക്കെ ഇച്ചേച്ചി ആയിരുന്നെത്രെ.....പ്രസവശേഷം അച്ഛന്റെ വീട്ടിലായിരുന്നു അമ്മ...അമ്മയുടെ വീട്ടിൽ..കുളിക്കാനും നനയ്ക്കാനും ഒന്നും സൌകര്യം ഇല്ലായിരുന്നു  അവിടെ ഒരു കുന്നിൻ പുറത്താണ്  വിട് ..വെള്ളം ഒത്തിരി ദൂരെ താഴ്വാരത്തൂന്ന് കോരികൊണ്ടു വരണം..അതിനു അവിടെ ആരും ഉണ്ടായിരുന്നില്ല...അമ്മയുടെ അമ്മയും അമ്മയുടെ അച്ഛനും..കൂടാതെ ...അമ്മയുടെ   മുത്തച്ഛനും ആയിരുന്നു അവിടെ താമസം ...എല്ലാം കൂടെ ഒറ്റയ്ക്ക് അമ്മമ്മ തന്നെ നോക്കണം എന്നതു കൊണ്ടായിരിക്കാം ...അച്ഛന്റെ വീട്ടിൾ നിന്നാമതി എന്നു തീരുമാനിച്ചത്. ..
                 അതൊരു രസമായിരുന്നു.. ഇച്ചേച്ചിയുമൊത്തുള്ള ആ കുട്ടിക്കാലം ..പ്ച്ചമാങ്ങ പറീച്ച്..പറങ്കിപ്പൊടിയും ഉപ്പും കൂട്ടി തിന്നലായിരുന്നു മെയിൻ ഹോബി ..ഒരു ദിവസം ..അച്ഛച്ചനെ കണ്ട്..ഒരീസം ...ഇച്ചേച്ചി പറങ്കിപ്പൊടി ..പാവാടതുമ്പിലൊളിപ്പിച്ചതും എന്റെ കണ്ണിൽ കരടൂ പോയപ്പോൾ ആ പാവാടകൊണ്ട് എന്റെ കണ്ണൂ തുടച്ചതും പിന്നെത്തെ പുരിശാരം  ഒന്നും പറയേണ്ടല്ലോ..
തീച്ചാമുണ്ടി മേലേരിക്കു ചുറ്റും ഓടണ പോലെ ഞാൻ ഓടിയതും അച്ച്ചന്റെ കയ്യിന്ന് അന്ന് ഇച്ചേച്ചിക്ക് നല്ല തല്ലു കിട്ടി...പാവം ചൂരൾ കൊണ്ട് ചുവന്ന പാടുക്കൽ ..തെക്കിനിയിലിരുന്നു ..പിന്നെ എന്നെ കാണിച്ചു തന്നു .ഞാൻ എന്തു ചേയ്യാനാ..കണ്ണീൽ പറങ്കിപ്പൊടിയായാൽ പിന്നെ ഓടുകയല്ലതെ ഞാൻ എന്തു ചെയ്യും...പാവം ഇച്ചേച്ചി....


                എന്റെ കുസൃതികൾ കാരണം ..എന്നും തല്ലു കിട്ടീയിരുന്നത്...ഇച്ചേച്ചിക്കായിരുന്നു ..ഒരു ദിവസം വഴീന്നോരു തട്ടം കിട്ടി...മുസ്ലിം കുട്ടീകൾ ഏതോ...ഒന്നിന്റെ  തലേന്ന് വീണതാ....അതു കാ‍ഴ്ച്ചയിൽ ഒന്നു ചുരുട്ടി വച്ചാൽ..ഒരു നല്ല കരിമൂർക്കന്റെ ചേലാണ്....ആദ്യം ഒന്നു വല്യമ്മയിലൊന്നു  പരീക്ഷിച്ചു....വല്യമ്മ..പൊത്തൊ ഇന്നാ പിടിച്ചോ എന്ന് വെള്ളം നിറയ്ക്കുന്ന വല്യോരു ചരുവത്തിൽ ..ഡീം...അതിനു വല്യമ്മ ഓടിച്ചത് പുരയ്ക്കു ചുറ്റും നാലു വട്ടം...പിന്നെ ക്ഷീണം തോന്നിയതു കൊണ്ടായിരിക്കാം....വല്യമ്മ കീഴടങ്ങി...നാടുമുഴുവൻ ഓടി നടക്കുന്ന ഈ പീ ടി ഉഷമാരോടൊപ്പം ഓടിയാൽ അടുക്കളയിൽ മാത്രം ഓടുന്ന ഈ വല്യമ്മായി ജയിക്കുമോ.....ശിക്ഷയുടെ കാടിന്യം കുറഞ്ഞു പോയതു കൊണ്ടാണോ..എന്നറീയില്ല അടുത്ത പരീക്ഷണം..ഇച്ചമ്മയിലാക്കാമെന്നു തീരുമാനിച്ചു..ഇച്ചേച്ചിയുടെ അമ്മയും എന്റെ അച്ച്ചമ്മയും ഒന്നായതിനാൽ ഞാൻ ഇച്ചമ്മ എന്നാണ് വിളിക്കാറ് ....ഞങ്ങൾ മെല്ലെ വില്ലൻ തട്ടത്തിന്റെയും പൊക്കിയെടുത്ത്...ഇച്ചമ്മയുടെ..ഓമനകളായ...കോഴിപിള്ളേരുടെ..കൂട്ടിൽ കൊണ്ടൂ ചെന്നിട്ടു..ചില നേരത്ത് ഞങ്ങളെക്കാൾ ഇഷ്ടം ഇച്ചമ്മയ്ക്ക് അവറ്റകളോടാണ്..
അതിനു കാരണവും ഉണ്ട്..ചാര പിട എന്നും ഒരോ മുട്ടകൊടുക്കും ..പീലിപൂവൻ എന്നും കൂവി വിളിച്ചുണർത്തും..ഞങ്ങൾ ആ മുട്ടകൾ തിന്നു തീർക്കുന്നു എന്നല്ലാതെ ഒരു കറിവെപ്പില പറീച്ചുകൊടൂത്ത ദിവസമുണ്ടായിട്ടില്ല. പിന്നെ എങ്ങിനെ ഞങ്ങളെ..സ്നേഹിക്കും ..?ഇച്ചേച്ചി..വളരെ വിദഗ്ധമായി വളച്ചോടിച്ചു..കൂട്ടിൽ വെച്ചു...ഇപ്പൊ കണ്ടാൽ ഒരൂ സാക്ഷാൽ കരിമൂർഖൻ..പിന്നെ വിളിച്ചു കൂവൽ എന്റെ ഡ്യൂട്ടി ആയിരുന്നു..പണ്ടേ...ഇച്ചേച്ചി മുട്ടുമ്പോൾ...അലറിക്കരഞ്ഞ പരിചയം ഉള്ളതുകൊണ്ട്...ആ ഡ്യൂട്ടി എന്നിൽ തന്നെ വന്നു ചേരുമെന്ന്..എനിക്കറിയാമായിരുന്നു..അങ്ങിനെ ഞാൻ എന്റെ ഡ്യൂട്ടി വളരെ ഗംബീരമാക്കി..അടുക്കളയിലിരിക്കുന്ന എന്റമ്മയും ഇച്ചമ്മയുമാണ് ആ‍ദ്യം വന്നത്..പിന്നെ അയൽ വക്കത്തെ രാമേട്ടനും..ശ്രീധരേട്ടനും..വന്നു...എന്റമ്മപോയി...മുറീയിൽ കിടന്നുറങ്ങുന്ന അച്ച്ഛനെ വിളിച്ചു..അച്ചൻ അന്ന് ഒരു പ്രിവറ്റ് ക്മ്പനിയിൽ അക്കൌണ്ടന്റായി ജോലി നോക്കുന്ന കാലം എന്തൊ അന്ന് ലീവെടുത്ത് നേരത്തെ..വന്നത് എന്റെ കഷ്ടകാലത്തിനായിരുന്നു ...അച്ഛൻ വന്നതും രാമേട്ട്ടൻ അടുക്കളപ്പുറത്തെ വേലിക്കെട്ടിൽ നിന്നും ഒരു വലിയ സീമകൊന്ന വലിച്ചൂരി ..ഇച്ചമ്മ നിലവിളിയോടു നിലവിളിയാണ്..കാരണം..ചാര പിട പതുക്കത്തിലായുരുന്നു(അടയിരിക്കുക).. ഇതിനിടയിൽ എന്റമ്മപോയി..എവരിദെ ബാറ്ററീയിട്ട  അച്ച്ചന്റെ ടോർച്ച് എടുത്തു വന്നു...ശ്രീധരേട്ടനും..കയ്യിൽ കിട്ടിയതെന്തൊക്കെയോ എടുത്ത്.. അച്ച്ചനും. രാമേട്ടനും കരിമൂറ്ഖൻ ഓപ്പറേഷനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തുടങ്ങി...മട്ടും ഭാവവും..കണ്ട്..ഇതൊരാഗോള പ്രശ്നമാകുമെന്നു കണ്ട്..അവിടുന്ന് മെല്ലേ ഊരാൻ തീരുമാനിച്ച്.മെല്ലെ പിറകോട്ട്..നോക്കി..ഇച്ചേച്ചിയെവിടെ..?.....ആ പരിസരത്തൊന്നും ഇല്ല...പിന്നെ നോക്കിയപ്പൊഴാൺ..ശ്രീധരേട്ടന്റെ കയ്യാലപ്പുറത്തു കൂടെ ഒരു പൂ പാവാട മിന്നി മറയുന്നത് കണ്ടത്..ഞാനും ഓടീച്ചെന്നു കയ്യലപുറത്തുകേറീ..അപ്പൊഴേക്കും ഇച്ചേച്ചി..1500 മീറ്ററിൽ..ഗോൾഡ് നേടി. ആ തക്ക സമയത്ത് ഇച്ചേച്ചിയുടെ മനസ്സിൽ ലഡൂ പൊട്ടീയതു കൊണ്ട്(മഞ്ച് പരസ്യം)..ഇച്ചേച്ചി രക്ഷപ്പെട്ടൂ..എന്റെ കഷ്ടകാലത്തിനു മനസിൽ മറ്റൊരു ലഡുവും പൊട്ടിയതും ഇല്ല...പൊട്ടിയത്..തട്ടത്തിന്റെ രഹസ്യമായിരുന്നു..ജംഗിൽ ബുക്കിലെ ഷേർഖാനെ പോലെ അച്ഛൻ എന്റെ നേർക്കു പാഞ്ഞടുക്കുന്നുണ്ടെന്നു പിന്നീടാണ് എനിക്കു മനസ്സിലായത്..പിന്നീട്..ഒരു,, അസഫാ പവൻലിനെ പോലെ പറന്നെത്തി..അച്ഛൻ എന്നെ പിടിക്കൂടുകയായിരുന്നു....അന്നു അടികൊണ്ട് തുട കീറിയ പാട്..ഇന്നും ഉണ്ട്..ഇച്ചേച്ചി രണ്ടു ദിവസത്തേക്ക് വല്ലുമ്മയുടെ വീട്ടിലായിരുന്നു.... കയ്യാല കടന്ന് ഓടിയെങ്കിലും വല്യമ്മയുടെ വീട്ടിൽ നിന്ന് അച്ഛൻ ഇച്ചേച്ചിയെയും പൊക്കിയിരുന്നു..എന്തു രസാർന്നു അല്ലെ..ആ കാലം...
മൂരിപ്പുഴ്യിൽ കുളിക്കാൻ പോകുന്നതും...മലയൻ കുന്നിന്റെ മുകളിൽ ..താളിയൊടിക്കാൻ പോകുന്നതും .ദോശയ്ക്കു..കൂട്ടാൻ ..രാഘവേട്ടൻ തരുന്ന കള്ളിൽ നിന്നും കട്ട് കുടിച്ച് പച്ചവെള്ളം ഒഴിക്കുന്നതും ഒക്കെ....എങ്ഹിനെയാ ഇച്ചേച്ചി ഞങ്ങളെ വീട്ടൂ പോകാൻ തോന്നിയത്...ഇച്ചേച്ചി പോയേപ്പിന്നെ ഞാൻ താളിച്ചേച്ച്..കുളിച്ചിട്ടില്ല..മുടീ..പഴുപ്പെടുത്ത്  കെട്ടിയിട്ടില്ല...കണ്ണിൽ മഴിപോലും ഇട്ടിട്ടില്ല.........എന്നാലും ഞാൻ ഇച്ചേച്ചിക്കെഴുതാൻ വൈകിപ്പോയോ......പത്രം ഏജന്റ് കൃഷ്ണേട്ടനോട് ..തമാശ പറയുമ്പൊഴൊക്കെ..ഞാൻ തിരിച്ചറീയേണ്ടതായിരുന്നു.. വീട്ടിൽ കമ എന്നൊരക്ഷരം മിണ്ട്‍ാതിരുന്ന ഇച്ചേച്ചി..കൃഷ്ണേട്ടനോട് വാചാലയാകുന്നത് കണ്ട് ഞാൻ അത്ഭുതപ്പെടുമായിരുന്നു ...അപ്പൊഴെങ്കിലും എനിക്ക് തോന്നെണ്ടതായിരുന്നു....വൈകിപ്പോയി...ഏറെ വൈകിപ്പോ‍യി...രത്രി പുലർന്നപ്പോൾ കിടക്കപ്പയിൽ ഇച്ചേച്ചിയെ കാണാഞ്ഞ് ഞാൻ ഞാൻ കരഞ്ഞൂ....അന്വേഷണങ്ങൾ ....നാടുമുഴുവൻ നടന്നു....അന്ന് ആദ്യമായി അച്ഛൻ കരയുന്നത് ഞാൻ കണ്ടു..എന്നെ ചേർത്തുപിടിച്ച് ആരും കാണാതെ...അച്ഛൻ കരഞ്ഞു.. ഇച്ചേച്ചിയെപ്പോലെ ആകരുത് എന്റെ മോളും.. എനിക്കിനി ഒരു മോളെയുള്ളൂ......അതു നീ മാത്രമാണ്...അച്ചന്റെ വാക്കുകൾ ഒരു മഴ്വില്ലുപോലെ എന്റെ മുന്നിൽ തെളിയുകയാണ്...എന്നെപ്പോലെ തൻനയായിരുന്നു അച്ഛൻ ഇച്ചേച്ചിയും...
എൻന്റ  കൈകൾ വിറക്കുകയാൺ...ഏതു ധൈര്യമാണെന്നറിയില്ല...എന്തായാലും ഞാൻ എഴുതുകായാണ് ഇച്ചേച്ചിക്ക്.....എന്റെ മാത്രം ഇച്ചേച്ചിക്ക്.....പൂക്കളുടെ സൌന്ദര്യവും.പൈക്കിടാവിന്റെ ഓമനത്തവും ഉള്ള എന്റെ ഇച്ചേച്ചിക്ക്...എന്നെ നന്ദൂട്ടീന്ന് വിളിച്ച് വാരിപ്പുണരുന്ന എന്റെ ഇച്ചേച്ചിക്ക്....  നീണ്ട...അഞ്ചു വർഷം..ഞാൻ അനുഭവിച്ച വേദനയുടെ വരികൾ ഈ കത്തു ചൊല്ലിത്തരും ഇച്ചേച്ചീ.....ഒരു പക്ഷേ..അല്ല തീർച്ചയായും ഇച്ചേച്ചിയിതിനു മറുപടി എഴുതും എന്നെനിക്കറീയാം....അതെങ്ങാൽ അച്ഛനറിഞ്ഞാൽ എന്താ ഉണ്ടാകുക എന്നെനിക്കറീയില്ല......വരും വരായ്കകളെ കുറിച്ച്..അലോചിക്കാതെ...ഈ നന്ദുട്ടി..എഴുതുകയാൺ...
  എന്റെ ഇച്ചേച്ചിക്ക്...അവിടെ സുഖം തന്നെ അല്ലേ.....??.........................................

ഞായറാഴ്‌ച, നവംബർ 22, 2009

എന്നെയും കൂട്ടാമോ....?

അതിലെ ഇതിലെ നടക്കുമ്പോൾ ഓരോന്നൊക്കെ തോന്നും ..അത് വല്ലപ്പോഴും ഒക്കെ ഒരു കടലാസിൽ കുറിക്കാറുണ്ട്...പിന്നെ അച്ഛന്റെ കാരുണ്യം കൊണ്ട് ഒരു ലാപ് ടോപ്പ് ദുഫായിൽ നിന്നും കൊടുത്തയച്ചപ്പോൾ..ഇനി എഴുത്തുകളൊക്കെ അതിലാക്കാമെന്നു തീരുമാനിച്ചു അങ്ങിനെ ഇരിക്കുമ്പോഴാണ് ബ്ലോഗ് എന്ന ഈ കരുണാമയനെ കാണുന്നത് എന്നാപ്പിന്നെ ഇതൊന്നു കൊത്തണമല്ലോ എന്നായി ചിന്ത..സെർച്ച് ചെയ്തു നോക്കിയപ്പോൾ ഒരു പാ‍ട് ബ്ലോഗുകൾ കണ്ടു  എല്ലാം വളരെ മനോഹരമായിരിക്കുന്നു ..അങ്ങിനെ ഇരുന്നപ്പോഴാൺ എന്റെ നാട്ടിലെ എന്റെ ഒരു സുഹൃത്താ‍യ ബിജു കൊട്ടില (നാടകക്കാരൻ അങ്ങിനെ പറഞ്ഞലെ ചിലപ്പോൾ നിങ്ങൾക്ക് മനസ്സിലാകൂ)ഒരു ബ്ലൊഗറാണെന്നറിയുന്നത് ...അദ്ദേഹത്തിന്റെ നിർദ്ദേശത്തിൽ രൂ‍പപ്പെടുത്തിയതാണ് ഈ ബ്ലോഗ്.
ഞാൻ എന്റെ ക്രൌര്യം മുഴുവൻ നിങ്ങളോട് തീർക്കാൻ ഒരുമ്പെടുകയാണ്...എന്നെ അനുവദിക്കുമല്ലോ അല്ലെ.......?